ബിജെപിക്ക് കശ്മീരില്‍ കൂടുതല്‍ കാബിനറ്റ് മന്ത്രിമാര്‍

ശ്രീനഗര്‍: മുഫ്തി മുഹമ്മദ് സഈദ് മന്ത്രിസഭയില്‍ നിന്നു മെഹബൂബ മുഫ്തി മന്ത്രിസഭയിലെത്തുമ്പോള്‍ ബിജെപിക്ക് ജമ്മുകശ്മീരില്‍ ലഭിക്കുന്നത് കൂടുതല്‍ കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍.
എട്ടു കാബിനറ്റ് മന്ത്രിമാരാണ് പുതിയ മന്ത്രിസഭയില്‍ ബിജെപിക്കുള്ളത്. മുഖ്യമന്ത്രിയടക്കം ഒമ്പത് കാബിനറ്റ് മന്ത്രിമാര്‍ പിഡിപിക്കും. സഹമന്ത്രിമാരുടെ കാര്യത്തില്‍ ബിജെപിക്കും പിഡിപിക്കും മൂന്നു വീതം പേരാണുള്ളത്.കഴിഞ്ഞ മന്ത്രിസഭയിലും ആകെ ബിജെപി മന്ത്രിമാരുടെ എണ്ണം 11 തന്നെയായിരുന്നു. എന്നാല്‍, ഇതില്‍ ആറുപേര്‍ക്ക് മാത്രമായിരുന്നു കാബിനറ്റ് പദവിയുണ്ടായിരുന്നത്.
മൂന്നുപേര്‍ സഹമന്ത്രിമാരും രണ്ടുപേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമായിരുന്നു. ഇരുകക്ഷികളും ചെറിയ രീതിയിലുള്ള പുനസ്സംഘടന മാത്രമാണ് മന്ത്രിസഭയില്‍ വരുത്തിയിട്ടുള്ളത്. മുഫ്തി മന്ത്രിസഭയിലെ പ്രമുഖനായ കാബിനറ്റ് മന്ത്രി അല്‍താഫ് ബുഖാരിയെ പുതിയ മന്ത്രിസഭയിലും പിഡിപി നിലനിര്‍ത്തി. മുഫ്തി മന്ത്രിസഭയിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായ ബിജെപിയില്‍ നിന്നുള്ള ചെറിങ് ഡോര്‍ജെ, അബ്ദു ല്‍ ഗനി കോഹ്‌ലി എന്നിവര്‍ ഇത്തവണ കാബിനറ്റ് മന്ത്രിമാരായി. അബ്ദുല്‍ ഗനി ലോണിന്റെ മകന്‍ സജ്ജാദ് ലോണ്‍ പുതിയ മന്ത്രിസഭയിലും ബിജെപിയുടെ കാബിനറ്റ് മന്ത്രിയായി തുടരും. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടു വനിതാ അംഗങ്ങളായ പ്രിയാ സേത് (ബിജെപി), അയേഷ നഖാഷ് (പിഡിപി) എന്നിവരും ഇത്തവണ തുടരും.
മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അമ്മാവനടക്കം പുതുമുഖങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്. മെഹബൂബയുടെ അമ്മാവന്‍ ഫാറൂഖ് അന്ദ്രാബിയാണ് പുതുതായി മന്ത്രിസഭയിലെത്തിയത്. ദക്ഷിണ കശ്മീരിലെ ദൂരു നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അന്ദ്രാബി. പാംപോരെ മണ്ഡലത്തില്‍ നിന്നുള്ള സഹൂര്‍ അഹ്മദ് ജറാണ് പിഡിപി മന്ത്രിമാരിലെ മറ്റൊരു പുതുമുഖം.
അജയ് നന്ദ, ഷാം ചൗധരി എന്നിവരാണ് മന്ത്രിസഭയിലെ ബിജെപിക്കാരായ പുതുമുഖങ്ങള്‍. റെയ്‌സി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നന്ദ. സുചേത്ഗഡ് മണ്ഡലത്തി ല്‍ നിന്നാണ് ചൗധരി സഭയിലെത്തിയത്.
Next Story

RELATED STORIES

Share it