ബിജെപിക്കെതിരേ പ്രതിപക്ഷത്തെ അണിനിരത്തും

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത, സാമ്പത്തിക പുരോഗതി തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ സാധിക്കണമെന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ഇതിന് വിശാലസംഖ്യം രൂപപ്പെടല്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍ച്ച ഉറപ്പുവരുത്താനും ഇന്ത്യയുടെ നല്ല നാളുകള്‍ തിരിച്ചുപിടിക്കാനും വിശാലസംഖ്യം അനിവാര്യമാണ്. ഇതിനായി പ്രതിപക്ഷത്തെ അണിനിരത്തുമെന്നും അവര്‍ പറഞ്ഞു. ഗുജറാത്തിലെ അസംബ്ലി തിരഞ്ഞെടുപ്പിലും രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയം മാറ്റത്തിന്റെ ശക്തമായ സൂചനകളാണു നല്‍കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും താനും മറ്റു സഹപ്രവര്‍ത്തകരും സമാന മനസ്‌കരായ ഇതര രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ചയിലാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണു ലക്ഷ്യം. പാര്‍ട്ടിയുടെ നേതാക്കളോടും പ്രവര്‍ത്തകരോടും തിരഞ്ഞെടുപ്പിനായി ഒരുങ്ങാനും സോണിയ ആവശ്യപ്പെട്ടു. ഗുജറാത്തിലും രാജസ്ഥാനിലും വളരെ കടുത്ത സാഹചര്യങ്ങളായിരുന്നിട്ടു പോലും വലിയ ഫലമാണ് ഉണ്ടാക്കാന്‍ സാധിച്ചത്. ഇതു മാറ്റത്തിന്റെ സൂചനയാണ്. കര്‍ണാടകയിലും കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനത്തിന് അടിവരയിടുന്നതാവും ഫലം. പരമാവധി പരസ്യവും കുറഞ്ഞ ഭരണവുമാണു മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും സോണിയ പരിഹസിച്ചു. ഇന്ത്യ 2014 നു മുമ്പ് ഒന്നും നേടിയിട്ടില്ലെന്നു സ്ഥാപിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, മോദി സര്‍ക്കാര്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് എത്രയോ അകലെയാണെന്നാണ് ഇതില്‍ നിന്നു മനസ്സിലാവുന്നതെന്നു സോണിയ വ്യക്തമാക്കി.രാഹുല്‍ ഇപ്പോള്‍ തന്റെ കൂടി നേതാവാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല- യോഗത്തിന് ശേഷം സോണിയ പറഞ്ഞു. നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് നാലു വര്‍ഷമാവുന്നു. പാര്‍ലമെന്റിനും നീതിന്യായ വ്യവസ്ഥയ്ക്കും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെതിരായ നടപടികളാണ് ഇതുവരെയുണ്ടായത്. അന്വേഷണ ഏജന്‍സികള്‍ പോലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ ഉപയോഗിക്കപ്പെടുകയാണെന്നും സോണിയ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it