Flash News

ബിജെപിക്കെതിരേ പുതിയ രാഷ്ട്രീയ കൂട്ടായ്മ?

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും നിസ്സഹകരണത്തിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരംഭിച്ച സമരം പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്കു വഴിയൊരുക്കുന്നു. സമരം ശക്തമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ കക്ഷികള്‍ ആം ആദ്മി സര്‍ക്കാരിനു വേണ്ടി രംഗത്തുവന്നത്. പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ സമരത്തിനും ഡല്‍ഹി സര്‍ക്കാരിനും പിന്തുണ അറിയിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞദിവസം പിന്തുണയുമായി രംഗത്തെത്തിയത്. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല, രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും കെജ്‌രിവാളിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇത് ബിജെപിക്കെതിരായ പുതിയ പ്രതിപക്ഷസഖ്യത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. സമരത്തിന്റെ ഭാഗമായി എഎപി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്കുള്ള മാര്‍ച്ചില്‍ സിപിഎം പ്രവര്‍ത്തകരും പങ്കാളികളായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ് എഎപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം നേതാക്കളും പ്രവര്‍ത്തകരും റാലിക്കെത്തിയത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗികവസതിയും ഓഫിസുമായ രാജ് നിവാസില്‍ കെജ്‌രിവാള്‍ അടക്കമുള്ള മന്ത്രിമാര്‍ തുടരുന്ന ഉപരോധസമരം ഏഴാംദിവസം കടക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്.  അതിനിടെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. നീതി ആയോഗ് ഭരണസമിതി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടത്. രാജ് നിവാസിലെത്തി കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് കെജ്‌രിവാളിന്റെ വീട്ടിലെത്തി പിണറായി വിജയന്‍, മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവര്‍ പിന്തുണ അറിയിക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ക്കു പുറമെ ബിജെപിയിലെ വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും കെജ്‌രിവാളിന് അനുകൂലമായി പ്രതികരിച്ചിരുന്നു. കെജ്‌രിവാള്‍ മാന്യനായ രാഷ്ട്രീയക്കാരനാണെന്നും ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നതടക്കമുള്ള അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു സിന്‍ഹയുടെ പ്രതികരണം. സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും എന്‍ഡിഎ മുന്‍ ഘടകകക്ഷിയായ ടിഡിപിയും അടക്കമുള്ളവ കെജ്‌രിവാളിന്റെ സമരത്തോട് ഐക്യപ്പെടുമ്പോള്‍ ഡല്‍ഹി സര്‍ക്കാരിനെയും എഎപിയെയും പിന്തുണയ്ക്കാത്ത നിലപാടാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബിജെപിക്കെതിരേ എഎപി അടക്കമുള്ള കക്ഷികള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ്സിതര പ്രതിപക്ഷ സഖ്യത്തിനുള്ള സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ച ജെഡിഎസിനെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് എഎപി മന്ത്രിമാരുടെ സമരവുമായി കുമാരസ്വാമി ഐക്യപ്പെടുന്നത്. തൃണമൂല്‍-സിപിഎം ശത്രുത തുടരുന്നതിനിടെ പിണറായി വിജയനെയും മമതാ ബാനര്‍ജിയെയും ഒരുമിച്ച് ഒരു വേദിയിലെത്തിക്കാനും  കെജ്‌രിവാളിന്റെ സമരത്തിന് സാധിച്ചു.
Next Story

RELATED STORIES

Share it