ബിജെപിക്കെതിരേ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ശേഷിക്കെ കര്‍ണാടകയിലെ ഒരു ഫഌറ്റില്‍ നിന്ന് 10,000ത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ബിജെപിക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്. കഴിഞ്ഞദിവസം രാത്രിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ രാജരാജേശ്വരി മണ്ഡലത്തിലെ ഫഌറ്റില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്. തിരിച്ചറിയല്‍ കാര്‍ഡ് നിറച്ച രണ്ട് അലൂമിനിയം പെട്ടികളും രണ്ട് പ്രിന്ററുകളുമാണ് പിടിച്ചെടുത്തത്.
തുടര്‍ന്ന് സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 9746 തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാര്‍ഡുകള്‍ എല്ലാം രാജരാജേശ്വരി നഗറിലെ വോട്ടര്‍മാരുടേതാണ്. പിടികൂടിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചു വരികയാണെന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മിക്ക കാര്‍ഡുകളും 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുണ്ട്. പിടികൂടിയതു വ്യാജ കാര്‍ഡുകളാണോ എന്ന് പരിശോധനയ്ക്കു ശേഷമെ വെളിപ്പെടുത്താനാകൂ എന്നും അധികൃതര്‍ സൂചിപ്പിച്ചു. പരിശോധനയ്ക്കു ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് പോലിസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപാര്‍ട്ട്‌മെന്റില്‍ നിന്നാണു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. അതേസമയം, ആര്‍ ആര്‍ നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ മുനിരത്‌നയുടെ അനുയായിയാണു ഫഌറ്റുടമയെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ നാടകമാണിതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബംഗളൂരുവിലെ വലിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണു രാജരാജേശ്വരി നഗര്‍.
അതിനിടെ, സ്ഥലം സന്ദര്‍ശിച്ച ബിജെപി നേതാവ് സദാനന്ദ ഗൗഡയും ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റണമെന്നും അതല്ലെങ്കില്‍ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സാധ്യമല്ലെന്നു കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it