Flash News

ബിജെപിക്കെതിരേ കോണ്‍ഗ്രസ്സുമായി ചേരുന്നതില്‍ തെറ്റില്ല: കാനം



തിരുവനന്തപുരം: രാജ്യത്തെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്ന ശ്രമങ്ങള്‍ ചെറുക്കാന്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.രാജ്യത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കോണ്‍ഗ്രസ്സിനെ ഇക്കാര്യത്തില്‍ നിന്നു മാറ്റിനിര്‍ത്തേണ്ടതില്ലെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇതിനെ രാഷ്ട്രീയസഖ്യമായി കാണേണ്ടതില്ല.  ഇക്കാര്യത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ കഴിയുമ്പോ ള്‍ വ്യക്തതയാര്‍ന്ന നയം രൂപപ്പെടുകയും അതു പറയുകയും ചെയ്യുമെന്നും കാനം പറഞ്ഞു.  ബിജെപിയുടെ വര്‍ഗീയ നയങ്ങളെ പ്രതിരോധിക്കുന്നതിനു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇതര കക്ഷികളുടെ സഹകരണം വേണം. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ നിലപാടുകള്‍ വ്യത്യസ്തമാണ്. കേരള കോണ്‍ഗ്രസ്സിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷ കിട്ടിയിട്ടില്ല. അപേക്ഷ കിട്ടുമ്പോള്‍ അതിനെക്കുറിച്ചു പ്രതികരിക്കാം. ബിഡിജെഎസിന്റേതടക്കമുള്ള രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്താണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതെന്നും അവരെ ഇപ്പോള്‍ മുന്നണിയിലേക്കു ക്ഷണിക്കേണ്ട ഗതികേടില്ലെന്നുമായിരുന്നു മാണി, ബിഡിജെഎസ് വിഷയങ്ങള്‍ സംബന്ധിച്ച സിപിഐയുടെ നിലപാടിനെക്കുറിച്ചുള്ള കാനത്തിന്റെ മറുപടി. ബിജെപിയും ആര്‍എസ്എസും ചേര്‍ന്നു ദേശീയതലത്തില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമംനടത്തുകയാണ്. കേരളം ഭീകരവാദികളുടെ നാടാണെന്ന് ആക്ഷേപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ, ഏഴു വര്‍ഷം സ്വന്തം സംസ്ഥാനത്തു നിന്നു സുപ്രിംകോടതി പുറത്താക്കിയ സംഭവം മറക്കരുത്. ബിജെപിയുടെ ജനരക്ഷായാത്ര സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ളതാണ്. സംസ്ഥാനത്തു നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കാനാണു ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെ ജാഥയിലൂടെ ശ്രമിച്ചത്. കേരളത്തിലെ ജനങ്ങളെ ഒന്നാകെ അപമാനപ്പെടുത്താനായിരുന്നു ബിജെപിയുടെ ശ്രമമെന്നും കാനം പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ടു വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. പ്രാഥമിക റിപോര്‍ട്ടാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. അന്തിമ റിപോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലെത്തുമ്പോള്‍ അതു പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാനം വ്യക്തമാക്കി.
Next Story

RELATED STORIES

Share it