Flash News

ബിജെപിക്കെതിരായ ദേശീയ മുന്നണിക്ക് എല്ലാ പിന്തുണയും ഉറപ്പാക്കും : മുസ്‌ലിംലീഗ്‌

ബിജെപിക്കെതിരായ ദേശീയ മുന്നണിക്ക് എല്ലാ പിന്തുണയും ഉറപ്പാക്കും : മുസ്‌ലിംലീഗ്‌
X


കോഴിക്കോട്: ബിജെപിക്കെതിരായ വിശാല ദേശീയ മുന്നണി ശക്തിപ്പെട്ടുവരുന്നത് ആശാവഹമാണെന്ന് മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി. ഈയ്യിടെ സോണിയാഗാന്ധി വിളിച്ച യോഗം ബിജെപിക്ക് ബദല്‍ ഉയരുമെന്ന പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്. സംഘപരിവാര വിരുദ്ധ രാഷ്ട്രീയത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കാനും ഇതിനായി അടുത്ത മാസം ഗോവയില്‍ നടക്കുന്ന ചിന്തന്‍ ബൈഠക്കില്‍ പുതിയ കര്‍മപദ്ധതികള്‍ തയ്യാറാക്കാനും കോഴിക്കോട് ചേര്‍ന്ന ദേശീയ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ച യോഗത്തില്‍ ബംഗാളില്‍ നിന്ന് മമത ബാനര്‍ജിയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും യുപിയില്‍ നിന്ന് അഖിലേഷ് യാദവും മായാവതിയും ബിഹാറില്‍ നിന്ന് നിതീഷ്‌കുമാറും ലാലുപ്രസാദും ഉള്‍പ്പെടെ പങ്കെടുത്തത് വിശാല മുന്നണി ശരിയായ ദിശയിലാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് യോഗശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ പറഞ്ഞു. കരുണാനിധിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ചേര്‍ന്ന സംഗമത്തിലും മിക്ക മതേതര രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തിരുന്നു. രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയ്ക്ക് പിന്നിലേക്ക് പോയതാണ് മൂന്നു വര്‍ഷത്തെ മോദി സര്‍ക്കാര്‍ നേട്ടം. സാമ്പത്തിക വളര്‍ച്ച നിലയ്ക്കുകയും കാര്‍ഷിക-വ്യാവസായിക-തൊഴില്‍ മേഖലയെ ബാധിക്കുകയും ചെയ്തിരിക്കുന്നു. അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് മാറി, വിശ്വാസം-ഭാഷ-സംസ്‌കാരം എന്നിവയിലെല്ലാം അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന സര്‍ക്കാര്‍ ഭക്ഷണത്തില്‍ പോലും കൈവച്ചിരിക്കുകയാണ്. ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമെല്ലാം അസ്ഥിത്വ സംരക്ഷണ പ്രതിസന്ധിയിലാണ്. യുപിയില്‍ അയിത്തത്തിന് സമാനമായ അവസ്ഥ തിരികെ കൊണ്ടുവരാനാണ് ഭരണകൂട ശ്രമം. ഭരണ വൈകല്യം മറച്ചുവയ്ക്കാനായി പുതിയ പ്രചാരണ തന്ത്രങ്ങളും വൈകാരിക വിഷയങ്ങളും എടുത്തിടുകയാണ് ബിജെപി. ചില മതമേലധ്യക്ഷന്‍മാരുമായി ബിജെപി ദേശീയ പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയത് മുഖവിലയ്‌ക്കെടുക്കുകയാണ് കരണീയമെന്നും നേതാക്കള്‍ പറഞ്ഞു. ചെയര്‍മാന്‍ പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രഫ. കെ എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി വി അബ്ദുല്‍വഹാബ് എംപി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it