Flash News

ബിജു വധം : ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്



പയ്യന്നൂര്‍: കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു(34)വിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരേ പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് സിഐ പി കെ സുധാകരന്‍, പയ്യന്നൂര്‍ സിഐ എംപി ആസാദ് എന്നിവര്‍ക്കാണ് കേസന്വേഷണ ചുമതല. പ്രതികളെ കണ്ടെത്താനായി സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ട്. പ്രതികള്‍ ആക്രമണസമയത്ത് ഉപയോഗിച്ച ഇന്നോവ കാറും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വൈകീട്ട്് 3.45ഓടെയാണ് പയ്യന്നൂര്‍ എട്ടിക്കുളം കക്കംപാറ മൊട്ടക്കുന്നിലെ ചൂരക്കാടന്‍ ടി പി ബിജുവിനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകന്‍ രാമന്തളി കുന്നരുവിലെ സി വി ധനരാജ് വധക്കേസിലെ 12ാം പ്രതിയാണ് ബിജു. സുഹൃത്ത് രാജേഷ് ഓടിച്ചിരുന്ന ബൈക്കില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം. ബൈക്കില്‍ വാഹനം ഇടിച്ചതിനെ തുടര്‍ന്നു റോഡിലേക്കു തെറിച്ചുവീണ ബിജുവിനെ കാറില്‍ നിന്നിറങ്ങിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്നലെ ബിജെപി ഹര്‍ത്താലാചരിച്ചു. ഹര്‍ത്താലനുകൂലികള്‍ പരിയാരം മെഡിക്കല്‍ കോളജ് പരിസരത്ത് വാഹനങ്ങള്‍ തടയുകയും കല്ലെറിയുകയും ചെയ്തു. രോഗിയുമായെത്തിയ പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് അടിച്ചുതകര്‍ത്തു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കാഷ്വാലിറ്റിക്കു നേരെ കല്ലേറുണ്ടായി. ബിജുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയില്‍ വിലാപയാത്രയായി എത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം മൊട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it