ബിജു രാധാകൃഷ്ണന്റെ ആരോപണം; പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

തിരുവനന്തപുരം: സോളാര്‍ കേസിലെ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയതാരാണെന്നു വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.
ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് പ്രതിപക്ഷത്തുള്ളവരല്ലെന്നും മന്ത്രി ഷിബു ബേബിജോണ്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച സബ്മിഷന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തിയത്. കിളിരൂര്‍ കേസിലെ വിഐപി ആരാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞാല്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയതാരാണെന്നു പറയാമെന്ന ഷിബു ബേബിജോണിന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ബഹളം മൂര്‍ച്ഛിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സഭ നേരത്തേ പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. സബ്മിഷനുകള്‍ റദ്ദാക്കിയ സ്പീക്കര്‍ അനൗദ്യോഗിക പ്രമേയങ്ങള്‍ പരിഗണിക്കുന്നതും മാറ്റിവച്ചു.
ഗൂഢാലോചന നടത്തിയവരുടെ പേര് മന്ത്രി കഴിഞ്ഞ ദിവസം പുറത്തു പറയാനിരുന്നതാണെന്നും മന്ത്രിമാരായ അനൂപ് ജേക്കബും ആര്യാടന്‍ മുഹമ്മദും ഇടപെട്ട് തടയുകയായിരുന്നുവെന്നും വി എസ് ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ ഒളിച്ചുകളി നടത്തുന്നത് ശരിയല്ല. നിയമസഭാംഗങ്ങളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന സ്പീക്കറോടുള്ള അവഹേളനം കൂടിയാണ്. നട്ടെല്ലുണ്ടെങ്കില്‍ ഗൂഢാലോചന നടത്തിയവരുടെ പേര് ധൈര്യമായി പുറത്തു പറയാന്‍ തയ്യാറാവണമെന്നും വി എസ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത രണ്ടു വ്യക്തികളുമായി ബന്ധപ്പെട്ട് ആരോപണമുയരുമ്പോള്‍ ഗൂഢാലോചനയുണ്ടാവുമെന്നത് ആര്‍ക്കും വ്യക്തമാവുമെന്ന് ഷിബു ബേബിജോണ്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it