ബിജു രമേശിന്റെ ഹോട്ടലുകള്‍ അനധികൃതമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ രണ്ട് ഹോട്ടലുകള്‍ നിയമ വിരുദ്ധമായി നിര്‍മിച്ചതാണെന്ന് സര്‍ക്കാര്‍. ബിജു രമേശിന്റെ തലസ്ഥാനത്തെ പ്രധാന ബിസിനസ് സംരംഭങ്ങളായ കിഴക്കേകോട്ടയിലെ രാജധാനി ബില്‍ഡിങ്‌സിന്റെയും അമ്പലമുക്കിലെ വിന്‍സര്‍ രാജധാനിയുടേയും നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അനധികൃതനിര്‍മാണത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയെ അറിയിച്ചു.
ഡൊമിനിക് പ്രസന്റേഷന്റെ പ്രത്യേക സബ്മിഷനുള്ള മറുപടിയിലാണ് ബിജു രമേശിന്റെ നിയമ ലംഘനങ്ങള്‍ മന്ത്രി അക്കമിട്ടു നിരത്തിയത്. അനധികൃത നിര്‍മാണത്തിനെല്ലാം നഗരസഭയുടെ ഒത്താശയുണ്ട്. വിന്‍സര്‍ രാജധാനിയില്‍ തദ്ദേശ ഭരണ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. 12 നില കെട്ടിടമാണ് വിന്‍സര്‍ രാജധാനി. എന്നാല്‍, ഇതില്‍ എട്ടുനിലകള്‍ക്കു മാത്രമാണ് പെര്‍മിറ്റുള്ളത്. കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സി (കെഎംബിആര്‍)ന്റെ ലംഘനമാണിത്. 2003ല്‍ എട്ടുനിലവരെ നിര്‍മിക്കുന്നതിന് നല്‍കിയിട്ടുള്ള പെര്‍മിറ്റില്‍ നിന്നു വ്യതിചലിച്ചുള്ള നിര്‍മാണമായതിനാല്‍ കെട്ടിടം അനധികൃതമായി കണക്കാക്കണം. ഇതിനെതിരേ നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ വിവാദമായ രാജധാനി ബില്‍ഡിങിന്റെ നിര്‍മാണത്തിലും നിയമ ലംഘനങ്ങള്‍ നടന്നിട്ടുണ്ട്. തെക്കിനിക്കര കനാല്‍ കടന്നുപോവുന്നത് രാജധാനി ബില്‍ഡിങിന്റെ അടിയിലൂടെയാണ്. ഇവിടെ പരമാവധി ഒമ്പത് മീറ്റ (2 നില)റില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ പാടില്ലെന്നാണ് ചട്ടം. ഹെറിറ്റേജ് സ്വഭാവം നിലനിര്‍ത്തേണ്ട നിര്‍മാണങ്ങള്‍ക്ക് ആര്‍ട്ട് ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ അനുമതി വാങ്ങണം. എന്നാല്‍ നാലുനിലയില്‍ നിര്‍മിച്ചിട്ടുള്ള രാജധാനി ബില്‍ഡിങിന് രണ്ടുനിലകള്‍ക്കു മാത്രമാണ് കെട്ടിടനമ്പര്‍ നല്‍കിയിട്ടുള്ളത്. ഈ കെട്ടിടം പൊളിച്ചുമാറ്റാന്‍ 2010ല്‍ നഗരസഭയ്ക്കു നിര്‍ദേശം നല്‍കിയെങ്കിലും നടപടിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it