ബിജു രമേശിന്റെ ശബ്ദരേഖ എഡിറ്റ് ചെയ്തതിന് പിന്നില്‍ ഒരു എഡിജിപി: കോടിയേരി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ ശബ്ദരേഖ അടങ്ങിയ സിഡി എഡിറ്റ് ചെയ്തു പുറത്തുവിട്ടതിന് പിന്നില്‍ ഒരു എഡിജിപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ എഡിജിപി. എഡിജിപി ശങ്കര്‍ റെഡ്ഡി കൈക്കൂലി വാങ്ങിയെന്നു പറയുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അടുത്ത ബന്ധങ്ങള്‍ അന്വേഷിച്ചാല്‍ ഇക്കാര്യങ്ങള്‍ തെളിയും. എഡിറ്റ് ചെയ്ത സിഡിയിലെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തമ്പാനൂര്‍ രവിക്കെതിരായ ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് ഡിജിപി പറയുന്നത്. ആ കേസ് നിലനില്‍ക്കില്ലെങ്കില്‍ സുകേശനെതിരായ കേസും നിലനില്‍ക്കില്ല. സുകേശന്റെ സ്ഥാനലബ്ധി ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ അന്വേഷണം. നേരത്തേ ഇതേകാര്യം പറഞ്ഞ് മാണിക്ക് അനുകൂലമായി അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിപ്പിച്ചു. കാര്യം കഴിഞ്ഞപ്പോള്‍ മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് സുകേശനെതിരേയുള്ള അന്വേഷണം.
മന്ത്രിമാര്‍ക്കെതിരേ എന്തെങ്കിലും റിപോര്‍ട്ട് നല്‍കിയാല്‍ സുകേശന്റെ അവസ്ഥ വരുമെന്ന് ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പു നല്‍കുകയാണ്. കെ ബാബുവിന് അനുകൂലമായി നിശാന്തിനി റിപോര്‍ട്ട് നല്‍കിയതും ഇതുകൊണ്ടാണ്. മാണിക്കെതിരായ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയത് ഡിവൈഎസ്പി രാജ്‌മോഹനാണ്. ആ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് സുകേശനെ നിയോഗിച്ചത്. എന്നിട്ട് അദ്ദേഹത്തോട് വിലപേശി അനുകൂല റിപോര്‍ട്ട് വാങ്ങിയെടുത്തു. ശങ്കര്‍ റെഡ്ഡി ഡയറക്ടറും ആസിഫലി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായിരിക്കുന്നിടത്തോളം ഒരു മന്ത്രിക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടക്കില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. പൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്ന് ആര്‍ക്കും ഒരുറപ്പും എല്‍ഡിഎഫോ സിപിഎമ്മോ നല്‍കിയിട്ടില്ല. സര്‍ക്കാരിനെതിരേ വ്യക്തമായ തെളിവുകള്‍ നല്‍കിയാല്‍ പ്രശ്‌നം ഏറ്റെടുക്കാമെന്ന ഉറപ്പുമാത്രമാണ് അന്നു നല്‍കിയതെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it