ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയം; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോയതില്‍ സുധീരന് അതൃപ്തി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയച്ചടങ്ങിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
യുഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുകയും പ്രതിസന്ധിയിലാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത വ്യക്തിയാണു ബിജു രമേശ്. വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുത്ത് തെറ്റായ സന്ദേശം നല്‍കുന്നതില്‍നിന്നു നേതാക്കള്‍ ഒഴിവാകേണ്ടതായിരുന്നുവെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സ്വകാര്യ ചടങ്ങാണെങ്കിലും പൊതുജനങ്ങള്‍ക്കു തെറ്റായ സന്ദേശം നല്‍കുമെങ്കില്‍ നേതാക്കള്‍ ഒഴിവാകണം. ഇത്തരം കാര്യങ്ങളില്‍ എല്ലാ ഭാഗത്തുനിന്നുള്ളവരും ഔചിത്യപൂര്‍വം ചിന്തിച്ചു ചില കാര്യങ്ങളില്‍ ചില രീതികള്‍ പാലിക്കേണ്ടതുണ്ട്. ബിജു രമേശിന്റെ മകളുടെയും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെയും വിവാഹനിശ്ചയത്തിനു ചടങ്ങുകള്‍ അവസാനിച്ചശേഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിയാണു മുഖ്യമന്ത്രി പിണറായി വിജയന്. മോദിയും മാധ്യമങ്ങളെ അഭിമുഖീകരിക്കാറില്ല. മന്ത്രിസഭായോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുന്നത് സി അച്യുതമേനോന്റെ കാലംമുതല്‍ നടന്നുവരുന്നതാണ്. ഇതിനുശേഷമുള്ള എല്ലാ മുഖ്യമന്ത്രിമാരും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുമായിരുന്നു. മുഖ്യമന്ത്രി എപ്പോഴും എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ വഴി ജനങ്ങളോടു പറയാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, മാധ്യമങ്ങളുടെ ചില തീരുമാനങ്ങളില്‍ വിയോജിപ്പുണ്ടെന്നു കരുതി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നത് ഒഴിവാക്കുന്നതു ശരിയല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it