ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ അനുമതി

കൊച്ചി: ബിജു രമേശിന്റെ തിരുവനന്തപുരത്തെ — കെട്ടിടത്തിന്റെ പുറമ്പോക്കിലുള്ള നിര്‍മാണം പൊളിക്കാന്‍ ഹൈക്കോടതി അനുമതിനല്‍കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തമ്പാനൂര്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള തെക്കനംകര കനാല്‍ കൈയേറിയാണ് ബിജു രമേശ് കെട്ടിടം നിര്‍മിച്ചതെന്നും ഇതു പൊളിച്ചുനീക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തടഞ്ഞിരുന്നു.
ഇതിനെതിരെയാണു സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഭൂസംരക്ഷണ നിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവ പ്രകാരം മാത്രമേ കെട്ടിടം പൊളിക്കുന്നതിന് അനുമതി നല്‍കാവൂവെന്ന സിംഗിള്‍ ബെഞ്ചിന്റെ നിലപാട് നിലനില്‍ക്കുന്നതല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കനാലിന് പുറത്തുകൂടിയുള്ള നിര്‍മാണം പൊളിക്കാന്‍ തീരുമാനിച്ച ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനയുടെ 300ാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കെട്ടിടം പൊളിക്കുന്ന നടപടി തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും റദ്ദാക്കുകയാണെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ ബിജു രമേശിന്റെ കെട്ടിടത്തിന്റെ പുറമ്പോക്കിലുള്ള ഭാഗങ്ങള്‍ മാത്രമേ പൊളിച്ചുനീക്കാവൂവെന്നു കോടതി പറഞ്ഞു.
കെട്ടിടം പൊളിക്കുന്നതിനു മുമ്പ് വേണ്ട തരത്തിലുള്ള നിയമാനുസൃത പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കണം. കെട്ടിടത്തിനു പരമാവധി നാശം കുറയ്ക്കുന്ന തരത്തില്‍ മാത്രമേ നടപടി സ്വീകരിക്കാവൂ. തിരുവനന്തപുരത്തെ വഞ്ചിയൂര്‍, ശാസ്താംകോട്ട, മുട്ടത്തറ്, മണര്‍കാട് വില്ലേജുകളിലെ 74 കൈയേറ്റങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. കനാലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണു ഭരണകൂടത്തിന്റെ ഉദ്ദേശ്യം, കെട്ടിടം പൂര്‍ണമായി പൊളിച്ചുമാറ്റുന്നതിനല്ല നീക്കമെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. കനാലിന്റെ കൈയേറ്റം ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി 10 കോടി വകയിരുത്തി. ഈ സാഹചര്യത്തില്‍ നിയമപരമായി ദുരന്തനിവാരണ അതോറിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതു തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
തെക്കനംകര കനാലിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും വിപുലീകരണത്തിനുമാണു കനാലിന്റെ ഉള്ളിലേക്കുള്ള അനധികൃത നിര്‍മാണങ്ങള്‍— പൊളിക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായിട്ടാണ് ബിജു രമേശിന്റെ രാജധാനി പാലസിനെതിരെയും നടപടിയാരംഭിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കനാലിന്റെ മുകളിലൂടെയാണ് പാലസിന്റെ മുന്‍വശം നില്‍ക്കുന്നതെന്നും അത് അനധികൃത നിര്‍മാണമാണെന്നും 1991ല്‍ തഹസില്‍ദാര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടി നിയമവിധേയമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
Next Story

RELATED STORIES

Share it