Flash News

ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതിന് സ്റ്റേ

ന്യൂഡല്‍ഹി: ബാറുടമ ബിജു രമേശിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ സ്ഥിതിചെയ്യുന്ന രാജധാനി കെട്ടിടം പൊളിക്കുന്നതിനു സുപ്രിംകോടതിയുടെ ഇടക്കാല സ്‌റ്റേ. അടുത്ത തിങ്കളാഴ്ചവരെ കെട്ടിടം പൊളിക്കരുതെന്നു ഹരജി പരിഗണിച്ച ജസ്റ്റിസ് ജെ. എസ് ഖേഹര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു.
കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് അനുമതിനല്‍കിയതു ചോദ്യംചെയ്ത് ബിജു രമേശ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. ചൊവ്വാഴ്ച വീണ്ടും ഹരജി പരിഗണിക്കും.
തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപറേഷന്‍ അനന്തയുടെ ഭാഗമായി രാജധാനി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ഹൈക്കോടതി ഈ മാസം ആറിന് അനുമതിനല്‍കിയിരുന്നു. പുറമ്പോക്കിലുള്ള കെട്ടിടഭാഗം മാത്രം പൊളിച്ചുനീക്കാമെന്നും കെട്ടിട ഉടമയ്ക്കുണ്ടാവുന്ന നാശനഷ്ടം പരമാവധി കുറയ്ക്കുന്ന തരത്തില്‍ കെട്ടിടം പൊളിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
നഗരത്തിലെ തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ച കെട്ടിടം പൊളിക്കാന്‍ ജില്ലാ ഭരണകൂടം ബിജു രമേശിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസ് ചോദ്യംചെയ്ത് ബിജു രമേശ് നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് കെട്ടിടം പൊളിക്കുന്നത് തടഞ്ഞു. ഇതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് കെട്ടിടം പൊളിക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് കെട്ടിടം പൊളിക്കാനുള്ള നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുപോവുന്നിതിനിടെയാണ് ബിജു രമേശ് സുപ്രിംകോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ വാങ്ങിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it