ബിജു രമേശിനെതിരേ വിഎസ് ശിവകുമാര്‍ പരാതിനല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശിനെതിരേ യുഡിഎഫ് സ്ഥാനാര്‍ഥി വിഎസ് ശിവകുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തനിക്കും കുടുംബത്തിനുമെതിരേ സത്യവിരുദ്ധവും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ചാണ് ബിജു രമേശിനെതിരേ ശിവകുമാര്‍ പരാതി നല്‍കിയത്. ബിജു രമേശിന്റെ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രി വി എസ് ശിവകുമാറിന്റെ മകളെ ഡല്‍ഹിയില്‍ തട്ടിക്കൊണ്ടുപോയ സംഭവം ഒതുക്കിത്തീര്‍ത്തുവെന്നാണ് ബിജു രമേശ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ശിവകുമാര്‍ 15 കോടി രൂപ മരുന്ന് കമ്പനിക്കാരില്‍ നിന്നു വാങ്ങിയിട്ടും അവര്‍ക്ക് കരാര്‍ നല്‍കാത്തതാണു തട്ടിക്കൊണ്ടുപോവലിലേക്കു നയിച്ചത്. തുക മടക്കിനല്‍കിയാണു മന്ത്രിയുടെ മകളെ നാട്ടിലെത്തിച്ചത്. 164 കോടി രൂപ നല്‍കി ബിനാമി പേരില്‍ ഇടപ്പഴിഞ്ഞിയിലെ ആശുപത്രി മന്ത്രി വാങ്ങിയത് അഴിമതിപ്പണംകൊണ്ടാണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
ഇതിനെതിരേ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ കഴിഞ്ഞദിവസം ബിജു രമേശിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയുടെ സ്വകാര്യ ജീവിതത്തിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസ്താവന നടത്തിയതു പെരുമാറ്റച്ചട്ടലംഘനമാണെന്നു കാണിച്ചാണ് ബിജു രമേശിന് നോട്ടീസ് നല്‍കിയത്.
Next Story

RELATED STORIES

Share it