ബിജുരമേശിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ഔദേ്യാഗികവക്താവ് അഡ്വ. കെ എം സന്തോഷ് കുമാറിന്റെ ഭാര്യയെക്കുറിച്ച് വാര്‍ത്താചാനലിലൂടെ അപമര്യാദയായി സംസാരിച്ച ബിജുരമേശിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി കേസെടുത്ത് നോട്ടീസയച്ചു.
എസ്എന്‍ഡിപി നേതാവ് അഡ്വ. കെ എം സന്തോഷ്‌കുമാറിന്റെ ഭാര്യ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നവംബര്‍ 24ന് രാത്രി 8.30 മുതല്‍ 9.30 വരെ ഒരു വാര്‍ത്താചാനലില്‍ നടന്ന ചര്‍ച്ചയിലാണ് സംഭവം. ചാനലിന്റെ കണ്ണൂര്‍ സ്റ്റുഡിയോയിലാണ് അഡ്വ. സന്തോഷ്‌കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഭര്‍ത്താവ് പങ്കെടുത്ത ചര്‍ച്ച ടിവിയിലുടെ കാണുമ്പോഴാണ് തന്നെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ചേര്‍ത്ത് ബിജുരമേശ് അപമര്യാദയായി സംസാരിക്കുന്നത് കേട്ടത്.
ചാനലില്‍ കൂടിയുള്ള എതിര്‍കക്ഷിയുടെ ലൈംഗിക അതി്രപസരത്തോടെയുള്ള പ്രസ്താവന തനിക്ക് കടുത്ത മാനഹാനിയും അപമാനവും വരുത്തിയതായി അഭിഭാഷകയായ പരാതിക്കാരി പറയുന്നു. അഭിഭാഷക സമൂഹത്തിനും കക്ഷികള്‍ക്കുമിടയില്‍ ഇത് അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കി. സ്ത്രീത്വത്തെ അപമാനിക്കുകവഴി തനിക്ക് ചാരിത്ര്യഭംഗം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. താന്‍ നാളിതുവരെ ബിജുരമേശിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം കുറെ നാളുകളായി മന്ത്രിമാര്‍ക്കും സമുദായനേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരേ അവാസ്തവമായ പ്രസ്താവനകളും വെളിപ്പെടുത്തലുകളും നടത്തിവരികയാണെന്നും പരാതിയില്‍ പറയുന്നു.
ബിജുരമേശിനു പുറമേ വാര്‍ത്താ ചാനലിന്റെ കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍, കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവരും ജനുവരി എട്ടിനകം വിശദീകരണം നല്‍കണം. കേസ് ജനുവരി 21ന് കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it