ernakulam local

ബിക്ക് ജന്മനാട്ടില്‍ ആയിരങ്ങളുടെ അന്ത്യാഞ്ജലി

അമൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വന്തം കലാകാരന്‍ അബിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അനുകരണ കലയിലുടെയാണ് അബി ഇതിലൂടെയാണ് കലാ രംഗത്തേക്കു പ്രവേശിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം ഹ്യൂമര്‍ വോയ്‌സ് എന്ന കലാ ട്രൂപ്പ് രൂപീകരിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ചുവന്നു. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ് ഗാനമേളയുടെ ഇടവേളകളില്‍ മിമിക്രി എന്ന കലയെ വേദിയില്‍ അവതരിപ്പിച്ചാണ് അനുകരണകലയെ ജനകീയമാക്കിയത്. ഇവിടെ നിന്നാണ് അബിയുടെ ആമിന താത്ത വേദിയിലെത്തുന്നത്. സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് ജനമനസുകളില്‍ ഇടം നേടിയ അബി മൂവാറ്റുപുഴക്കാരുടെ അഭിമാനമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 19ന് തന്റെ പ്രിയ കൂട്ടുകാരന്‍ സാഗര്‍ ഷിയാസിന്റെ കുടുംബത്തെ സഹായിക്കാനായി മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംസ്ഥാനത്തെ പ്രമുഖ സിനിമാ, മിമിക്രി, സീരിയല്‍ താരങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ സാഗര്‍ ഷിയാസ് മെഗാ ഷോയുടെ മുഖ്യസംഘാടകനായി  മൂവാറ്റുപുഴയില്‍ എത്തിയ അബിയുടെ ജന്മ നാട്ടിലെ അവസാനത്തെ പൊതുപരിപാടി കൂടിയായിരുന്നു ഇത്. സാഗര്‍ ഷിയാസിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിച്ച പരിപാടി തന്റെ സഹപ്രവര്‍ത്തകരോടും ഉറ്റവരോടുമുള്ള സ്‌നേഹത്തിന്റെ പ്രതീകംകൂടിയാണ്. ഈ പ്രോഗ്രാം നടത്തി ഒരുവര്‍ഷം തികയുന്നതിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അബിയുടെ അകാലത്തിലുള്ള വേര്‍പാട് സൃഷ്ടിച്ച വേദന മൂവാറ്റുപുഴക്കാരുടെ മനസില്‍ അണയാത്ത കനലായി അവശേഷിക്കുകയാണ്. ഇന്നലെ വൈകുന്നേരം 6.30 ാടെയാണ് അബിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മൈതാനിയില്‍ എത്തിയത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും തങ്ങളുടെ പ്രിയകലാകാരന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അയിരങ്ങളാണ് ഇവിടെ കാത്തുനിന്നത്. ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം എത്തിക്കുമെന്നായിരുന്നു ആദ്യം അറിയിപ്പു ലഭിച്ചിരുന്നത്. ഇതനുസരിച്ച് വളരെ നേരത്തെ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ തങ്ങളുടെ പ്രിയകലാകാരനെ അവസാനമായി ഒരു നോക്കുകാണുവാന്‍ കാത്തുനിന്നു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് എത്തിയതോടെ മൂവാറ്റുപുഴ ഒന്നാകെ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. അബികൂടി അംഗമായിരുന്ന മൂവാറ്റുപുഴയിലെ കലാ സാംസ്‌കാരിക സംഘടനയായ ഒരുമയുടെ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇവിടെ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയത്. സംഘാടകര്‍ക്കും പോലിസിനും നിയന്ത്രിക്കാനാവാത്ത സ്ഥിതിയായിരുന്നു.രാത്രി 7.30ാടെ കബറടക്കത്തിനായി പെരുമറ്റം ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി. ഇവിടെയും ആയിരകണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. രാത്രി എട്ടോടെ കബറടക്കം നടത്തി. മൂവാറ്റുപുഴ നഗരസഭയ്ക്കുവേണ്ടി ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ മൃതദേഹത്തില്‍ റീത്തുസമര്‍പ്പിച്ചു. എംഎല്‍എമാരായ എല്‍ദോ ഏബ്രഹാം, ആന്റണി ജോണ്‍, വി പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, സിനിമാ സംവിധായകന്‍ ലാല്‍ ജോസ്, നടന്‍മാരായ മമ്മൂട്ടി, സിദ്ദിഖ്, ജയസൂര്യ, സ്ഫടികം ജോര്‍ജ്, മിമിക്രി താരങ്ങളായ സാജു കൊടിയന്‍, കലാഭവന്‍ പ്രജോദ്, ദാദാ സാഹിബ് തുടങ്ങി കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ ഒട്ടേറെപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
Next Story

RELATED STORIES

Share it