Flash News

ബിഎസ്പിയുമായുള്ള സഖ്യം സമാജ്‌വാദി പാര്‍ട്ടി തുടരും

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്നും ഇതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും സമാജ്‌വാദി പാര്‍ട്ടി. ബിജെപിയുടെ പരാജയം ഉറപ്പുവരുത്താന്‍ രണ്ടു മുതല്‍ നാലു വരെ സീറ്റുകള്‍ ബിഎസ്പിക്ക് വിട്ടുനല്‍കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്ന് എസ്പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വ്യക്തമാക്കി.
ബിഎസ്പിയുമായി നിലവില്‍ സഖ്യമുണ്ട്. അത് തുടരും. പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണ്. ഈ സഖ്യം പ്രധാനപ്പെട്ടതാണെന്നും അത് നിലനിര്‍ത്തുന്നതിനു വിട്ടുവീഴ്ചകള്‍ ആവശ്യമാണെങ്കില്‍ അതു ചെയ്യാന്‍ തയ്യാറാണെന്നും അഖിലേഷ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളില്‍ എസ്പി-ബിഎസ്പി കക്ഷികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യം ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു. കൈരാന അടക്കമുള്ള ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ടായിരുന്നു ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റം.
ബിഎസ്പി അധ്യക്ഷ മായാവതിയായിരിക്കും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയെന്ന് അഖിലേഷ് വ്യക്തമാക്കി. എസ്പി ബിഎസ്പിക്കു പിറകില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിക്കും. ഉപതിരഞ്ഞെടുപ്പുകളിലെ വിജയം 2019ലും ആവര്‍ത്തിക്കും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ എല്ലാ ഉപതിരഞ്ഞെടുപ്പു മണ്ഡലങ്ങളും ബിജെപിക്ക് നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മുന്‍ ലോക്‌സഭാ സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെട്ടുവെന്നും അഖിലേഷ് ഓര്‍മിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.
മതിയായ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ചാല്‍ മാത്രമേ മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കൂ എന്നു ബിഎസ്പി അധ്യക്ഷ മായാവതി നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ സഖ്യരൂപീകരണത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കം ഉടലെടുക്കുന്നതായി വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അഖിലേഷിന്റെ പ്രസ്താവനയോടെ അത്തരം ആശങ്കകള്‍ അവസാനിച്ചു. ബിഎസ്പിയുടെ പകുതി സീറ്റുകളില്‍ മാത്രം സമാജ്‌വാദി പാര്‍ട്ടി മല്‍സരിക്കുന്നതിനും സന്നദ്ധമാണെന്നും അഖിലേഷ് അറിയിച്ചു.
അടുത്തിടെ ഉത്തര്‍പ്രദേശിലടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. യുപി മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളായ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം നടന്ന കൈരാന ഉപതിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസ്സും ഹുസൈന്‍ ബീഗം വിജയിച്ചതും ബിജെപിക്കു തിരിച്ചടിയായി.
കൈരാനയ്‌ക്കൊപ്പം നടന്ന നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിലും എസ്പി-ബിഎസ്പി സഖ്യമാണ് വിജയിച്ചത്.
Next Story

RELATED STORIES

Share it