ബിഎസ്എഫ് വിമാനം തകര്‍ന്നുവീണു 10 മരണം

ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) അംഗങ്ങള്‍ സഞ്ചരിച്ച വിമാനം ഡല്‍ഹി വിമാനത്താവളത്തിനു സമീപം ദ്വാരകയില്‍ തകര്‍ന്നുവീണു. സംഭവത്തില്‍ രണ്ടു പൈലറ്റുമാര്‍ അടക്കം 10 പേര്‍ മരിച്ചു. ഇന്നലെ രാവിലെ 9.37നു ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ 28ല്‍ നിന്നു പറന്നുയര്‍ന്ന ബീച്ച് സൂപ്പര്‍ കിങ് എയറിന്റെ ബി-200 വിമാനമാണ് പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കകം തകര്‍ന്നത്.
റാഞ്ചിയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയും അക്കാര്യം ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, വിമാനവുമായി മുന്നോട്ടുപോകാനായിരുന്നു പൈലറ്റിനു ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ നല്‍കിയ നിര്‍ദേശം.
പൈലറ്റുമാരായ ഭഗവതി പ്രസാദ് ഭട്ട്, രാജേഷ് ശ്രീറാം, ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഡി കുമാര്‍, ഇന്‍സ്‌പെക്ടര്‍ ആര്‍ പി യാദവ്, എസ് എന്‍ ശര്‍മ, സബ് ഇന്‍സ്‌പെക്ടര്‍മാരായ രവീന്ദ്ര കുമാര്‍, സുന്ദര്‍ സിങ്, ഛോട്ടേലാല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഡി പി ചൗഹാന്‍, കോണ്‍സ്റ്റബിള്‍ കെ റാവത്ത് എന്നിവരാണ് മരണപ്പെട്ടത്. അടിയന്തരമായി തിരിച്ചിറക്കാന്‍ പൈലറ്റ് ഭഗവതി പ്രസാദ് ശ്രമം നടത്തിയെങ്കിലും റണ്‍വേയില്‍ നിന്ന് 50 മീറ്റര്‍ അകലെ വച്ച് വിമാനം തകരുകയായിരുന്നുവെന്ന് വിമാനത്താവളവൃത്തങ്ങള്‍ വ്യക്തമാക്കി.
ബി-200 വിഭാഗത്തില്‍പ്പെട്ട രണ്ടു വിമാനങ്ങളാണ് ബിഎസ്എഫിന്റെ കൈവശമുള്ളത്. തകര്‍ന്ന വിമാനം 1995ല്‍ കമ്മീഷന്‍ ചെയ്തതാണ്. മറ്റൊരെണ്ണം 2011ലും. നേരത്തെ ഇതേ ഇനത്തില്‍പ്പെട്ട രണ്ടു വിമാനങ്ങള്‍ തകര്‍ന്നിരുന്നു. 1992ലും 2011ലും ജാര്‍ഖണ്ഡിലായിരുന്നു സംഭവം.
സംഭവത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. സംഭവം വേദനയുളവാക്കുന്നതായും തന്റെ ചിന്തകള്‍ മരണപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഭ്യന്തരമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദേവേന്ദ്ര കുമാര്‍ പഥക് പറഞ്ഞു.
Next Story

RELATED STORIES

Share it