Flash News

ബിഎസ്എഫ് ക്യാംപിനു നേരെ ആക്രമണം : എഎസ്‌ഐ അടക്കം നാല് മരണം



ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിനടുത്തുള്ള ബിഎസ്എഫ് ക്യാംപിനു നേരെ നടന്ന ആക്രമണത്തില്‍ നാലുപേര്‍ മരിച്ചു. ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബി കെ യാദവും ആക്രമണം നടത്തിയ മൂന്നു പേരുമാണ് മരിച്ചത്. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ശെ മുഹമ്മദ് ഏറ്റെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് സാധാരണ ജയ്‌ശെ മുഹമ്മദ് ആണെന്നും ഇതിനു പിന്നിലും അവരായിരിക്കുമെന്നും കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ ഖാന്‍ പറഞ്ഞു. വ്യോമസേനയുടേതടക്കം കനത്ത സുരക്ഷാവലയത്തിലുള്ള ശ്രീനഗര്‍ വിമാനത്താവളത്തിനടുത്തുള്ള ക്യാംപിനു നേരെ ഇന്നലെ രാവിലെയാണ് ആക്രമണം നടന്നത്. ക്യാംപിന്റെ തകര്‍ന്ന മതിലിലൂടെ അകത്ത് കടന്ന അക്രമികള്‍ ജവാന്‍മാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി. പെട്ടെന്നുണ്ടായ ആക്രമണത്തിലാണ് എഎസ്‌ഐ കൊല്ലപ്പെട്ടതെന്നും പിന്നീട് മൂന്ന് അക്രമികളെയും കൊലപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ആക്രമണം പരാജയപ്പെടുത്തിയ ബിഎസ്എഫ് ജവാന്‍മാരെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. സംഭവത്തെ തുടര്‍ന്ന് ബിഎസ്എഫ്, സിആര്‍പിഎഫ് മേധാവികളുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it