Pathanamthitta local

ബിഎംബിസി റോഡുകള്‍ പൊട്ടിപ്പൊളിയാനുള്ള കാരണം പരിശോധിക്കണം



പത്തനംതിട്ട: ഉന്നതനിലവാരം വ്യവസ്ഥ ചെയ്ത് ബിഎംബിസി ടാറിങ നടത്തിയിട്ടുള്ള ജില്ലയിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതിനുള്ള കാരണം പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. രാജു ഏബ്രഹാം എംഎല്‍എയാണ് ഈ വിഷയം ഉന്നയിച്ചത്. പത്തനംതിട്ട-കൈപ്പട്ടൂര്‍  റോഡ്  ഉള്‍പ്പെടെ ഉന്നതനിലവാരം വ്യവസ്ഥ ചെയ്ത് ബിഎംബിസി ടാറിംഗ് നടത്തിയ റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു. റോഡില്‍ വെള്ളം നില്‍ക്കാത്ത രീതിയില്‍ നിര്‍മാണം നടത്തുകയും വെള്ളം ഒഴുകി പോവുന്നതിന് ഓട നിര്‍മിക്കുകയും വേണമെന്നും എംഎല്‍എ പറഞ്ഞു. ശക്തമായ മഴയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചു നല്‍കണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ ആവശ്യപ്പെട്ടു. മണ്ണ് സംരക്ഷണ വകുപ്പ് ഇക്കാര്യം പരിശോധിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. നിരണം ഡക്ക് ഫാമിലെ മാലിന്യം പുനരുജ്ജീവിപ്പിച്ച കോലറയാറിലേക്ക് ഒഴുകുന്നത് തടയണമെന്ന് മന്ത്രിയുടെ പ്രതിനിധി അലക്‌സ് കണ്ണമല ആവശ്യപ്പെട്ടു.  പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയും റാന്നി അങ്ങാടി, കൊറ്റനാട് കുടിവെള്ള പദ്ധതിയും നബാര്‍ഡിന്റെയോ മറ്റേതെങ്കിലും ഏജന്‍സിയുടെയോ സഹായത്തോടെ നടപ്പാക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാന്‍ ജല അതോറിറ്റിയുടെ കേന്ദ്ര കാര്യാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് വാട്ടര്‍  അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ അധികൃതര്‍ എംഎല്‍എമാരായ അടൂര്‍  പ്രകാശിനെയും രാജു ഏബ്രഹാമിനെയും അറിയിച്ചു. കിഫ്ബിയില്‍  ഉള്‍പ്പെടുത്തി ജില്ലയിലെ 16 റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് അംഗീകാരം ലഭിച്ചതായും ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിയില്‍ ജില്ലയിലെ 42 റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചതായും പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു.  പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍  വിലയിരുത്തുന്നതിന് അടുത്തമാസം യോഗം വിളിച്ചു ചേര്‍ക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നതായും ടെന്‍ഡര്‍ വിളിക്കാത്ത എസ്റ്റിമേറ്റുകള്‍ പ്രൈസ് സോഫ്ട് വെയറില്‍ ഉള്‍പ്പെടുത്തി അനുമതിക്ക് സമര്‍പ്പിച്ചതായും വാട്ടര്‍  അതോറിറ്റി പ്രോജക്ട് ഡിവിഷന്‍  അറിയിച്ചു. ഒഴുവന്‍പാറവടശേരിക്കര റോഡിന്റെ കരാര്‍ നടപടി പൂര്‍ത്തിയായി. പെരുനാട് മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടം പണി ആരംഭിച്ചതായി പൊതുമരാമത്ത് കെട്ടിട വിഭാഗം അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി കണ്ടെത്തിയ വസ്തുവിലെ പുറമ്പോക്ക് തിട്ടപ്പെടുത്തി ലഭിക്കുന്ന മുറയ്ക്ക് പുതിയ കിണര്‍  നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വാട്ടര്‍  അതോറിറ്റി പ്രോജക്ട് ഡിവിഷന്‍  അറിയിച്ചു. കല്ലറേത്ത് മുതല്‍ മലനട വരെയുള്ള പ്രദേശത്ത് കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനായി പെരുന്താളൂര്‍ ഭാഗത്ത് കുളം നിര്‍മിക്കുന്നതിനും മലനട ക്ഷേത്രത്തിന് സമീപത്തായി ടാങ്ക് നിര്‍മിക്കുന്നതിനും സ്ഥലം കണ്ടെത്തുന്നതിന് തീരുമാനിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it