Religion

ബാഹിറ കണ്ട അദ്ഭുത ബാലന്‍

ബാഹിറ കണ്ട അദ്ഭുത ബാലന്‍
X

മക്കയില്‍ നിന്നും സിറിയയിലേക്കുളള യാത്രാമധ്യേ സ്ഥിതി ചെയ്യുന്ന ബുസ്‌റയിലെ ആ ക്രിസ്തീയ മഠത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലൗകിക പരിത്യാഗികളായ ഒരു പറ്റം സന്യാസിമാര്‍ വേദപാരായണവും പഠനവും  ഈശ്വര ചിന്തയുമായി കഴിഞ്ഞു കൂടുകയാണവിടെ. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ സന്യാസിയായിരിക്കും സംഘത്തിന്റെ നേതാവ്. കാലചക്രത്തിന്റെ പ്രവാഹത്തില്‍ ബാഹിറ എന്ന സന്യാസിയില്‍ മഠത്തിന്റെ ഉത്തരവാദിത്വം വന്നുചേര്‍ന്നു. തൗറാത്തിലും ഇഞ്ചീലിലും ഉയര്‍ന്ന പരിജ്ഞാനം നേടിയ  ബാഹിറ വേദങ്ങള്‍ പ്രവചിച്ച  പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട് കഴിയുകയായിരുന്നു. വാഗ്ദത്ത പ്രവാചകന്റെ ലക്ഷണങ്ങളും അദ്ദേഹം നിയോഗിക്കപ്പെടാന്‍ പോകുന്ന ദേശവും പലായനം ചെയ്യുന്ന നാടുമുള്‍പ്പെടെ വിശദാംശങ്ങളെല്ലാം ബാഹിറക്ക് ഹൃദിസ്ഥമായിരുന്നു.
ഒരു ദിവസം രാവിലെ മഠത്തിന്റെ അങ്കണത്തില്‍ വിശ്രമിക്കുകയായിരുന്ന ബാഹിറ ഒരസാധാരണ കാഴ്ച കണ്ടു. ദൂരെ നിന്നും ഒരു യാത്രാസംഘം വരുന്നു. അത് കാലങ്ങളായി പതിവുളളതാണ്. പക്ഷെ ഇന്ന് യാത്രാസംഘത്തിനു മുകളിലായി അവരില്‍ ചിലര്‍ക്ക് തണല്‍ വിരിച്ചുകൊണ്ട് ഒരു മേഘം. സംഘം മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് മേഘവും സഞ്ചരിക്കുന്നു. മഠത്തിനു സമീപമുളള മരത്തിന്റെ ചുവട്ടില്‍ സംഘം വിശ്രമിക്കാനായി ഇറങ്ങിയപ്പോള്‍ മേഘത്തിന്റെ ചലനവും നിലച്ചു. മാത്രമല്ല ബഹീറയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സംഘത്തിന് തണല്‍ ലഭിക്കാനായി മരത്തിന്റെ ചില്ലകള്‍ താനേതാഴുന്നു. വേദപണ്ഡിതനായ ബഹീറയെ ഈ വിചിത്ര പ്രതിഭാസങ്ങള്‍ ചിന്തിപ്പിച്ചു. ഇന്നത്തെ യാത്രാസംഘത്തിന് എന്തോ പ്രത്യേകതയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു. ഉടനെ തന്നെ മഠത്തിലെ പരിചാരകനെ വിളിച്ച് യാത്രാസംഘത്തിനായി ഒരു വിരുന്നൊരുക്കാന്‍ കല്‍പിച്ചു. ശേഷം യാത്രാസംഘത്തിനെ ക്ഷണിക്കാനായി ഭൃത്യനെ അയച്ചു. സംഘത്തിലെ എല്ലാവരും സ്വതന്ത്രരും അടിമകളും കുട്ടികളും ഒരാളുമൊഴിയാതെ വിരുന്നിനെത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. കച്ചവടസംഘം അദ്ഭുതപ്പെട്ടു പോയി. തങ്ങള്‍ ഇതുവഴി നിരവധി തവണ യാത്രചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ മഠം അധികാരികളില്‍ നിന്ന് ഇപ്രകാരം ഒരു ക്ഷണം ഉണ്ടായിട്ടില്ല. ഇത്തവണ മാത്രം എന്താണ് ഒരു പ്രത്യേകത. അവര്‍ ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഇനി അവര്‍ വല്ല അന്നദാനമോ നേര്‍ച്ചയാക്കിയതാവുമോ. ഏതായാലും  അല്‍പസമയം കഴിഞ്ഞ് സംഘം മഠത്തിലെത്തി. അതിഥികളെ ഓരോരുത്തരെയും ബാഹിറ സൂക്ഷമമായി നിരീക്ഷിച്ചു. ആരിലും എന്തെങ്കിലും പ്രത്യേകതയോ അസാധരണത്വമോ അനുഭവപ്പെട്ടില്ല. പക്ഷെ താന്‍ കണ്ട ലക്ഷണങ്ങള്‍ പ്രകാരം അങ്ങനെ വരാന്‍ വഴില്ലല്ലോ. ഇനി സംഘത്തിലെ എല്ലാവരും എത്തിയിട്ടില്ലെന്ന് വരുമോ. നിങ്ങളുടെ കൂട്ടത്തിലുളളവര്‍ എല്ലാവരും എത്തിയിട്ടില്ലേ ബഹീറ അന്വേഷിച്ചു. അതെ, എല്ലാവരും വന്നിരിക്കുന്നു. സംഘതലവന്‍ അബൂത്വാലിബ് മറുപടി പറഞ്ഞു. അങ്ങനെ വരാന്‍ വഴിയില്ലലോ എന്നാലോചിച്ചു കൊണ്ട് ബഹീറ വീണ്ടും ചോദിച്ചു: നല്ലവണ്ണം നോക്കൂ, കുട്ടികളോ അടിമകളോ ആരെങ്കിലും വിട്ടുപോയിട്ടുണ്ടോയെന്ന്. അപ്പോഴാണ് അബൂത്വാലിബിന് തങ്ങളുടെ ചരക്കുകള്‍ക്കും വാഹനങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്ന സഹോദരപുത്രന്‍ മുഹമ്മദിനെ ഓര്‍മ്മ വന്നത്. പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ ഒസ്യത്ത് പ്രകാരം ബാലനായ മുഹമ്മദിന്റെ സംരക്ഷണം പിതൃവ്യന്‍ അബൂതാലിബിന്റെ കൈകളിലെത്തിച്ചേര്‍ന്നിരുന്നു. പിതാമഹനെപ്പോലെത്തന്നെ പിതൃവ്യനും ആ അനാഥബാലനോട് അതിയായ വാല്‍സല്യം പുലര്‍ത്തിയിരുന്നു. തന്റെ സഹോദര പുത്രനില്‍ കണ്ട സവിശേഷമായ സ്വഭാവ ഗുണങ്ങള്‍ ആ ബാലനോട്  സ്വന്തം മക്കളേക്കാള്‍ വാല്‍സല്യം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരപ്പിച്ചു. അബൂത്വാലിബ് എവിടേക്കു പോവുകയാണെങ്കിലും  കൂടെ മുഹമ്മദുമുണ്ടാകും. സിറിയയിലേക്കുളള യാത്രയില്‍ വഴിദൂരം ഭയന്ന് അവനെ ഒഴിവാക്കാന്‍ നോക്കിയതാണ്. പക്ഷെ തന്നൊപ്പം വരണമെന്ന്  അവന് ഒരേയൊരു നിര്‍ബന്ധം. പറക്കമുറ്റുന്നതിനു മുമ്പേ മാതാവും പിതാവും നഷ്ടപ്പെട്ട അവന്റെ വാക്കുകളെ തളളാനായില്ല. അങ്ങനെയാണ് വെറും പന്ത്രണ്ടു വയസ്സ് പ്രായം മാത്രമുളള അവരോടൊപ്പമുള്‍പ്പെട്ടത്. പക്ഷെ എല്ലായ്‌പ്പോഴുമെന്ന പോലെ യാത്രയിലും പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍ പ്രദര്‍ശിപ്പിച്ചു. വിശ്രമവേളകളില്‍ സവാരിമൃഗങ്ങള്‍ക്ക് വെളളം കൊടുക്കാനും യാത്രാംഗങ്ങള്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തുകൊടുക്കാനും എല്ലാം വലിയ ഉല്‍സാഹമാണ്. അതിനാല്‍ തന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയുമാണ്. എല്ലാവരും മഠത്തിലേക്ക് വിരുന്നിന് പോന്നപ്പോള്‍ ചരക്കുകളുടെ സംരക്ഷണോത്തരവാദിത്വം അവന്‍ സ്വയം ഏറ്റെടുത്തു. അങ്ങനെയാണ് അവന്‍ മാത്രം വിരുന്നിനു വരാതെ ബാക്കിയായത്. 'ഉണ്ട്,ഒരു കുട്ടി കൂടി വരാനുണ്ട്, അവന്‍ ചരക്കുകള്‍ക്ക് കാവലിരിക്കുകയാണ്'. തെല്ലു കുറ്റബോധത്തോടെ അബൂത്വാലിബ് മൊഴിഞ്ഞു. 'എങ്കില്‍ അവന്‍ എത്തിയിട്ടു മതി ഭക്ഷണം വിളമ്പാന്‍. വേഗം അവനെ വിളിച്ചിട്ടു വരൂ'. ബഹീറ പ്രതിവചിച്ചു. അബൂത്വാലിബ് തന്നെ പുറത്തുപോയി മുഹമ്മദിനെയും കൂട്ടി വന്നു. ബഹീറ ആ ബാലനെ ആപാദഛൂഢം ഒന്ന് നോക്കി. ഒരു പതിനൊന്ന് പന്ത്രണ്ട് വയസ്സ് പ്രായം. ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറം. കറുത്ത കണ്ണുകളും വിസ്തൃതമായ കണ്‍പോളകളും. ഉയര്‍ന്ന നാസിക. നേര്‍ത്തതും കൂടിച്ചേര്‍ന്നതുമായ പുരികം. മനോഹരമായി കടഞ്ഞെടുത്ത ശില്‍പം പോലെ തോന്നിക്കുന്ന നീണ്ടു മെലിഞ്ഞ കഴുത്ത്.നീണ്ട കണങ്കൈ. വാഗ്ദത്ത പ്രവാചകനെക്കുറിച്ച വേദങ്ങളിലെ ലക്ഷണങ്ങള്‍ കൃത്യമായി ഒത്തുവന്നിരിക്കുന്നു. ഇതു തന്നെ ഞാന്‍ പ്രതീക്ഷിച്ച വ്യക്തി ബഹീറ മനസ്സില്‍ പറഞ്ഞു. ' ഇവന്‍ ആരുടെ മകനാണ്' ബഹീറ ചോദിച്ചു. എന്റെ മകനാണ് അബൂത്വാലിബിന്റെ ഉത്തരം പെട്ടൊന്നായിരുന്നു.(അറബികള്‍ സഹോദര പുത്രനെ വിശേഷിച്ചും അവര്‍ അനാഥരായാല്‍ സ്വന്തം പുത്രന്‍മാരായി തന്നെയാണ് ഗണിക്കാറ്. ആ അര്‍ത്ഥത്തിലാണ് അബൂത്വാലിബ് അപ്രകാരം മൊഴിഞ്ഞത്.) അല്ല, ഇവന്‍ നിങ്ങളുടെ മകനല്ല' ബഹീറ. സഹോദര പുത്രന്‍ വിഷമിക്കേണ്ടെന്ന് കരുതി അബൂത്വാലിബ് വീണ്ടും പറഞ്ഞു: എന്റെ മകനാണ്. അല്ല, ഇവന്റെ പിതാവ് ജീവിച്ചിരിക്കാന്‍ വഴിയില്ല.ബഹീറക്ക്  ഊരും പേരുമറിയാത്ത ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത തന്റെ സഹോദര പുത്രന്റെ വിവരങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി അദ്ദേഹം മനസ്സിലാക്കി എന്നോര്‍ത്ത് അദ്ഭുതപ്പെട്ടു പോയി അബൂത്വാലിബ്. ഇനി ഏതായാലും സത്യം പറയാതിരുന്നിട്ടു കാര്യമില്ല. അബൂത്വാലിബ് തന്റെ സഹോദരപുത്രന്റെ വിവരങ്ങള്‍ സത്യസന്ധമായി ബഹീറയെ ധരിപ്പിച്ചു. ബഹീറ അബൂത്വാലിബിനെയും മുഹമ്മദിനെയും തന്റെ സ്വകാര്യ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി. ബഹീറ ആ ബാലനോട് അവന്റെ ജീവിത രീതിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. അവസാനം മേലുടുപ്പ് ഒന്നഴിച്ചു കാണിക്കാമോ എന്നു ചോദിച്ചു.  ബാലന്റെ മുതുകില്‍ വേദങ്ങളില്‍ പറഞ്ഞ പ്രവാചക മുദ്ര കൂടി കണ്ടതോടെ ബാഹിറ അബൂത്വാലിബിനോട് പറഞ്ഞു: ഈ ബാലന്‍ സാധരണ കുട്ടിയല്ല. അവനില്‍ മഹത്തായ ഭാവികുടികൊളളുന്നുണ്ട്. അതിനാല്‍ താങ്കള്‍ സിറിയയില്‍ പോകുമ്പോള്‍ ജൂതന്‍മാരുടെ ദൃഷ്ടിയില്‍ കുട്ടി പെടുന്നത് സൂക്ഷിക്കണം. അവര്‍ അവനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. സഹോദര പുത്രനെക്കുറിച്ച ബഹീറയുടെ പ്രവചനം അബൂത്വാലിബില്‍ ഒരേ സമയം സന്തോഷവും പരിഭ്രാന്തിയും വളര്‍ത്തി.
Next Story

RELATED STORIES

Share it