kasaragod local

ബാവിക്കര ശുദ്ധജല പദ്ധതി: കരാറുകാരും ഉദ്യോഗസ്ഥരും തട്ടിയത് കോടികള്‍

എ പി വിനോദ്

കാഞ്ഞങ്ങാട്: പയസ്വിനി പുഴയില്‍ നിന്നും കാസര്‍കോട്ടേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്ത കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഖജനാവില്‍ നിന്നും തട്ടിയെടുത്തത് കോടികള്‍. ഇതിനകം പത്തുകോടിയില്‍പരം പൊതു ഖജനാവില്‍ നിന്നും പദ്ധതിക്കായി മുടക്കിയത്. മുളിയാര്‍ പഞ്ചായത്തിലെ ആലൂരില്‍ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മിച്ച് ശുദ്ധജലം എത്തിപ്പിക്കുന്നതിന്റെ പദ്ധതിയാണ് അട്ടിമറിക്കുന്നത്.
വേനല്‍ കാലങ്ങളില്‍ പയസ്വിനി, ചന്ദ്രഗിരി പുഴകളില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ വാട്ടര്‍ അതോറിറ്റി മുഖാന്തിരം വിതരണം ചെയ്യുന്ന ശുദ്ധജലം ഉപ്പുകലരുന്നതാണ്. ഇതിന് പരിഹാരമായാണ് പയസ്വിനി, ചന്ദ്രഗിരി പുഴകള്‍ സംഗമിക്കുന്ന ആലൂര്‍ മുനമ്പില്‍ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. മുളിയാര്‍, ചെങ്കള, കാറഡുക്ക, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, കാസര്‍കോട് നഗരസഭ എന്നിവിടങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തെ ജലസേചന മന്ത്രിയായിരുന്ന സമയത്ത് ആലൂര്‍ മുനമ്പില്‍ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടിയായിരുന്നു കരാര്‍. കരാര്‍ ഏറ്റെടുത്ത വ്യക്തി ഏതാനും സ്പാനിങിന്റെ ജോലി നിര്‍വഹിച്ച് ഒന്നരകോടിയോളം വാങ്ങി നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു.
നിയമസഭയില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ചോദ്യത്തിന് ജലവിഭവ മന്ത്രി പി ജെ ജോസഫ് നല്‍കിയ മറുപടിയില്‍ ഇപ്പോള്‍ 128കോടിയിലധികം രൂപക്കാണ് കരാര്‍ പുതുക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2005 ല്‍ അടങ്കല്‍ തുക 2.63 രൂപയായിരുന്നു. ഈ കരാര്‍ തന്നെ രണ്ട് തവണ പുതുക്കിയിരുന്നു. 2010ല്‍ 78.55 കോടിക്കാണ് കരാര്‍ വീണ്ടും പുതുക്കിയത്. കരാറുകാരന്‍ തുക കുറവാണെന്നു കാണിച്ചതിനാല്‍ വീണ്ടും തുക വര്‍ധിപ്പിക്കുകയായിരുന്നു. 1993ല്‍ 95 ലക്ഷം രൂപയ്ക്ക് വിഭാവനം ചെയ്ത പദ്ധതിക്കാണ് കോടികളുടെ വര്‍ധനവ് വന്നത്.
1980 മുതല്‍ പയസ്വിനി പുഴയുടെ കുറുകെ ഉപ്പുവെള്ളം കയറാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മിച്ചുവരുന്നുണ്ട്. തുടക്കത്തില്‍ 50,000 രൂപയായിരുന്നു അതിന്റെ ചിലവ്. ഇപ്പോള്‍ പത്തുലക്ഷത്തിലധികമാണ് ഇതിന്റെ ചെലവഴിക്കുന്നത്. 2012ല്‍ എസ്റ്റിമേറ്റ് 7.85 കോടിയാക്കി. ആലൂര്‍ മുനമ്പില്‍ 129 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കേണ്ട തടയണയുടെ സ്ഥലം മാറ്റണമെന്ന് 2012ല്‍ 20 ശതമാനം ജോലി പൂര്‍ത്തിയാക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് നല്‍കി.ഇതോ ടെ തടയണ നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലായി. താല്‍ക്കാലിക തടയണ നിര്‍മാണത്തിന് 2010-11 ല്‍ 5,63,007 രൂപയും 2011-12 ല്‍ 8,37,387 രൂപയും 2012-13 ല്‍ 9,98,787 രൂപയും 2013-14 ല്‍ 8,81,953 ലക്ഷവും 2014-15 10,07,456 രൂപയും ചിലവഴിച്ചു.
Next Story

RELATED STORIES

Share it