kasaragod local

ബാവിക്കര കുടിവെള്ള പദ്ധതി പ്രവൃത്തി പുനരാരംഭിച്ചു

കാസര്‍കോട്്: കാസര്‍കോട് നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളാകുമ്പോള്‍ ഉപ്പു കലര്‍ന്ന വെള്ളം കുടിക്കേണ്ട ഗതികേടില്‍ നിന്നു മോചനമാകുന്നു. മുടങ്ങിക്കിടക്കുന്ന ബാവിക്കര റഗുലേറ്ററിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു. രണ്ടു കരാറുകാര്‍ ഉപേക്ഷിക്കുകയും രണ്ടു തവണ ഡിസൈന്‍ പുതുക്കുകയും സംസ്ഥാന ഖജനാവില്‍ നിന്ന് അഞ്ചു കോടിയേളം രൂപ ചെലവഴിക്കുകയും ചെയ്ത റഗുലേറ്റര്‍ പദ്ധതിക്ക് എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്നും കെ കുഞ്ഞിരാമനും നടത്തിയ നിരന്തര പരിശ്രമത്തിലാണ് ജീവന്‍ വച്ചത്.
കുടിവെള്ളത്തിനായി താല്‍ക്കാലിക തടയണ നിര്‍മിക്കുകയായിരുന്നു വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്നത്. സാമ്പത്തികബാധ്യതയ്ക്കും പ്ലാസിറ്റിക് മാലിന്യം പുഴയില്‍ നിറഞ്ഞുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചതൊഴിച്ചാല്‍ കാര്യമായ പ്രയോജനം ഇതുകൊണ്ടുണ്ടായിട്ടില്ല. ഇനിയൊരു പ്ലാസ്റ്റിക് തടയണ നിര്‍മാണം അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ ബാവിക്കര ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭരംഗത്തിറങ്ങുകയുണ്ടായി. എംഎല്‍എമാരുടെ നിരന്തരമായ സമ്മര്‍ദ്ദവും കൂടിയായതോടെ ജില്ലയില്‍ വര്‍ഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന വിഷമെന്ന പരിഗണന നല്‍കി ജലവിഭവ മന്ത്രി മാത്യു ടി തോമസ് ഇതിലിടപെടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പുതിയ ഡിസൈന്‍ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുകയും ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കുകയുമായിരുന്നു.
ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷനാണ് ബാവിക്കര റഗുലേറ്ററിന്റെ നിര്‍മാണചുമതല നല്‍കിയിട്ടുള്ളത്. ബാവിക്കര റഗുലേറ്ററിന്റെ പ്രവൃത്തിക്കായി ആഴം കൂടിയ ചട്ടഞ്ചാല്‍ മാച്ചിപ്പുറം ഭാഗത്ത് പുതിയ റോഡ് നിര്‍മിക്കേണ്ടി വരും. സൈറ്റിലേക്ക് നിര്‍മിക്കുന്ന ഈ റോഡ് മഹാലക്ഷ്മിപുരം ക്ഷേത്രം വരെ നീട്ടി ചട്ടഞ്ചാല്‍-മഹാലക്ഷ്മിപുരം റോഡുമായി ബന്ധിപ്പിക്കുന്നതിനും ഭാവിയില്‍ ക്ഷേത്രത്തിലേക്കും ത്രിവേണി സംഗമത്തിലേക്കും എത്താനുതകുന്ന പ്രധാന തീര്‍ത്ഥാടനടൂറിസം പാതയായി മാറ്റാനും സാധിക്കും.
പദ്ധതി തടസം കൂടാതെ മുന്നോട്ടു കൊണ്ടു പോകുന്നതിന് മഹാലക്ഷ്മിപുരം ക്ഷേത്രപരിസരത്ത് എം എല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തു. കുടിവെള്ള പദ്ധതിക്കൊപ്പം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ട്രാക്ടര്‍വേ കൂടി നിര്‍മിക്കണമെന്ന ആവശ്യവും റോഡ് ക്ഷേത്രത്തിലേക്ക് നീട്ടണമെന്ന കാര്യവും നാട്ടുകാര്‍ മുന്നോട്ടു വച്ചു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എംഎല്‍എമാര്‍ ഉറപ്പു നല്‍കി. പദ്ധതി സൈറ്റിലേക്ക് റോഡ് നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു കൊടുക്കാമെന്ന് എം മാധവന്‍ നായര്‍ യോഗത്തില്‍ അറിയിച്ചു.
പുഴയില്‍ ആഴമേറിയ ഭാഗത്തെ പ്രവൃത്തികള്‍ ചെയ്യുന്നതിനു മുന്നോടിയായി തെങ്ങ് ആഴത്തില്‍ അടിച്ചിറക്കി സംരക്ഷണഭിത്തി മണ്ണിട്ടു നിര്‍മിക്കേണ്ടതുണ്ടെന്നും സൈറ്റിലേക്കുള്ള റോഡ് പ്രവൃത്തിക്ക് പെട്ടെന്ന് അനുമതി ലഭിച്ചാല്‍ നിര്‍മാണപ്രവൃത്തികള്‍ ഊര്‍ജ്ജിതമാകുമെന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമെന്നും കരാറുകാരന്‍ പറഞ്ഞു.
നിലവിലുള്ള ബാവിക്കര ആക്ഷന്‍ കമ്മിറ്റിയെ നിലനിര്‍ത്തിക്കൊണ്ട് പദ്ധതി നിര്‍മാണത്തിന് സഹായിക്കാന്‍ എ ഗോപിനാഥന്‍ നായര്‍ ചെയര്‍മാനും ഇ കുഞ്ഞിക്കണ്ണന്‍ കണ്‍വീനറായും ബി എം കൃഷ്ണന്‍ നായര്‍, എം മാധവന്‍ നായര്‍ മാച്ചിപ്പുറം, ബാലഗോപാലന്‍, വാസു ചട്ടഞ്ചാല്‍, പി ഗംഗാധരന്‍, അബ്ദുല്ല ആലൂര്‍, ബഷീര്‍ മുനമ്പം, മുനീര്‍ മുനമ്പം, നസീബ് അബ്ദുല്ല, എം വിനോദ്കുമാര്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു.



Next Story

RELATED STORIES

Share it