ബാഴ്‌സ, പിഎസ്ജി, ഡോട്മുണ്ട് മുന്നോട്ട്

മാഡ്രിഡ്/പാരിസ്/മ്യൂണിക്ക്: യൂറോപ്പിലെ അതികായന്‍ ക്ലബ്ബുകളായ ബാഴ്‌സലോണയും പാരിസ് സെന്റ് ജര്‍മെയ്‌നും (പിഎസ്ജി) ബൊറൂസ്യ ഡോട്മുണ്ടും വിജയത്തോടെ മുന്നേറ്റം നടത്തി.
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ 2-1ന് മാലഗയെയും ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 5-1ന് എയ്‌ഞ്ചേഴ്‌സിനെയും ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ട് 3-1ന് ബൊറൂസ്യ മൊകന്‍ഗ്ലാഡ്ബാച്ചിനെയുമാണ് പരാജയപ്പെടുത്തിയത്. 20ാം റൗണ്ട് മല്‍സരത്തില്‍ മുനീര്‍ എല്‍ ഹദ്ദാദി (രണ്ടാം മിനിറ്റ്), സൂപ്പര്‍ താരം ലയണല്‍ മെസ്സി (51) എന്നിവരുടെ ഗോളുകളാണ് മാലഗയ്‌ക്കെതിരേ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബാഴ്‌സയ്ക്ക് ജയം നേടിക്കൊടുത്തത്.
ജയത്തോടെ അത്‌ലറ്റികോ മാഡ്രിഡിനെ പിന്തള്ളി ലീഗിലെ ഒന്നാംസ്ഥാനത്തേക്ക് കയറാനും ബാഴ്‌സയ്ക്കായി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ റയോ വല്ലെക്കാനോ 3-0ന് സെല്‍റ്റാവിഗോയെയും ഗ്രാനഡ 3-2ന് ഗെറ്റാഫെയെയും തോല്‍പ്പിച്ചപ്പോള്‍ എസ്പാന്യോള്‍-വിയ്യാറയല്‍ പോരാട്ടം 2-2ന് പിരിഞ്ഞു.
ഫ്രഞ്ച് ലീഗില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന പിഎസ്ജി 22ാം റൗണ്ട് മല്‍സരത്തില്‍ എയ്‌ഞ്ചേഴ്‌സിനെയും നിഷ്പ്രഭമാക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ എയ്ഞ്ചല്‍ ഡി മരിയയാണ് പിഎസ്ജിയുടെ ഹീറോ. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, ലുകാസ് മൗറ, ഗ്രിഗറി വാന്‍ഡെര്‍ വെയ്ല്‍ എന്നിവര്‍ ഓരോ തവണ പിഎസ്ജിക്കു വേണ്ടി സ്‌കോര്‍ ചെയ്തു. ലീഗിലെ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയേക്കാള്‍ 21 പോയിന്റിന്റെ ആധികാരിക ലീഡുമായാണ് ഒന്നാമതുള്ള പിഎസ്ജി മുന്നേറ്റം നടത്തുന്നത്.
ബൊറൂസ്യക്കെതിരേ മാര്‍കോ റ്യൂസ്, ഹെന്റിക് എംകിതറയന്‍, ഐക്കയ് ഗുഡോഗന്‍ എന്നിവരാണ് ഡോട്മുണ്ടിനു വേണ്ടി സ്‌കോര്‍ ചെയ്തത്. വിജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബയേണ്‍ മ്യൂണിക്കുമായുള്ള പോയിന്റ് അകലം എട്ടാക്കി കുറയ്ക്കാനും ഡോട്മുണ്ടിന് സാധിച്ചു.
Next Story

RELATED STORIES

Share it