ബാഴ്‌സയ്ക്ക് സമനില; അത്‌ലറ്റികോ തലപ്പത്ത്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക് നേരിട്ടപ്പോള്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചു.
പുതുവര്‍ഷത്തിലെ ആദ്യ ജയം തേടിയിറങ്ങിയ ബാഴ്‌സയെ എസ്പാന്യോളാണ് ഗോള്‍രഹിതമായി പിടിച്ചുകെട്ടിയത്. എന്നാല്‍, അത്‌ലറ്റികോ എതിരില്ലാത്ത ഒരു ഗോളിന് ലെവന്റെയെ മറികടക്കുകയായിരുന്നു. 81ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ തോമസ് തെയെ പാര്‍റ്റെയാണ് ഹോംഗ്രൗണ്ടില്‍ അത്‌ലറ്റികോയ്ക്ക് വിജയം സമ്മാനിച്ചത്.
അതേസമയം, കഴിഞ്ഞ വര്‍ഷം 180 ഗോള്‍ നേടി സ്പാനിഷ് റെക്കോഡിട്ട ബാഴ്‌സയ്ക്ക് 2016ലെ ആദ്യ മല്‍സരത്തില്‍ തങ്ങളുടെ ഗോള്‍വേട്ട തുടരാന്‍ കഴിയാതെ പോവുകയായിരുന്നു. ലയണല്‍ മെസ്സി, ലൂയിസ് സുവാറസ്, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മികച്ച പന്തടക്കം നടത്തിയ ബാഴ്‌സ എന്നാല്‍, ആക്രമിച്ചു കളിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
മെസ്സിയുടെ 25 വാര അകലെ നിന്നുള്ള ഫ്രീകിക്കും സൂവാറസിന്റെ ഒരു മുന്നേറ്റവും മാത്രമാണ് എസ്പാന്യോള്‍ ഗോള്‍കീപ്പറിന് ബാഴ്‌സയില്‍ നിന്ന് നേരിടേണ്ടിവന്ന മല്‍സരത്തിലെ ആകെയുള്ള വെല്ലുവിളികള്‍.
31 മല്‍സരങ്ങള്‍ക്കു ശേഷമാണ് ബാഴ്‌സ ഗോളടിക്കാതെ എതിരാളികള്‍ക്കു മുന്നില്‍ സമനില പങ്കിടുന്നത്. കഴിഞ്ഞ ജനുവരി 21ന് മാലഗക്കെതിരേയാണ് ബാഴ്‌സ അവസാനമായി ഗോള്‍രഹിത സമനില പാലിച്ചത്.
മറ്റൊരു മല്‍സരത്തില്‍ മാലഗ 2-0ന് സെല്‍റ്റാവിഗോയെ തോല്‍പ്പിച്ചു. 18 മല്‍സരങ്ങളില്‍ നിന്ന് 41 പോയിന്റുമായാണ് അത്‌ലറ്റികോ ലീഗില്‍ ഒന്നാംസ്ഥാനത്തുള്ളത്. അത്‌ലറ്റികോയേക്കാള്‍ ഒരു മല്‍സരം കുറച്ചു കളിച്ച ബാഴ്‌സ 39 പോയിന്റുമായി രണ്ടാംസ്ഥാനത്തും 36 പോയിന്റോടെ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണുള്ളത്.
Next Story

RELATED STORIES

Share it