ബാല്‍ക്കന്‍ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി; അഭയാര്‍ഥികള്‍ പെരുവഴിയില്‍

ബുഡാപെസ്റ്റ്: അഭയാര്‍ഥികള്‍ക്കുമേല്‍ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ ബാല്‍ക്കന്‍ രാജ്യങ്ങളിലൂടെ വടക്കന്‍ യൂറോപ്പിലേക്കു കടക്കാനാവാതെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ പെരുവഴിയിലായി. ക്രൊയേഷ്യയിലൂടെയെത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ സ്ലോവേനിയ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നിരവധി പേരാണ് കനത്ത മഞ്ഞിലും മഴയിലുമായി ഞായറാഴ്ച രാത്രി വെളുപ്പിച്ചത്. സ്ലോവേനിയ, സെര്‍ബിയ അതിര്‍ത്തികളില്‍ ഗതാഗതസ്തംഭനം ഉണ്ടായതിനു പിന്നാലെയാണ് ക്രൊയേഷ്യയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം ഒരു ദിവസം 2500 ആക്കി പരിമിതപ്പെടുത്തിയത്. ദിവസം 5,000 അഭയാര്‍ഥികളെ ഏറ്റെടുക്കണമെന്ന ക്രൊയേഷ്യയുടെ ആവശ്യം തള്ളിയാണ് സ്ലോവേനിയ നിലപാട് കടുപ്പിച്ചത്. അതിനിടെ, വടക്കന്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ഥികള്‍ക്ക് ഓസ്ട്രിയ നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്ന സ്ലോവേനിയന്‍ ആരോപണം ആ രാജ്യം നിഷേധിച്ചു. ക്രൊയേഷ്യ-സ്ലോവേനിയ അതിര്‍ത്തിയില്‍ മരങ്ങള്‍ക്കിടയില്‍ കമ്പിളി വലിച്ചുകെട്ടിയാണ് അഭയാര്‍ഥികള്‍ താമസിക്കുന്നത്. തണുപ്പകറ്റാന്‍ മരച്ചില്ലകള്‍ വെട്ടി തീയിടുകയും ചെയ്യുന്നുണ്ട്. നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയിലാണ് 2000ഓളം പേര്‍ രാത്രി കഴിച്ചുകൂട്ടിയത്. രാജ്യത്ത് താല്‍ക്കാലിക അഭയകേന്ദ്രം ഒരുക്കാന്‍ ക്രൊയേഷ്യന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചുവരുകയാണ്. അതിനിടെ, രാജ്യത്തേക്കു വരുന്ന അഭയാര്‍ഥികളെ തടയില്ലെന്നു ക്രൊയേഷ്യ വ്യക്തമാക്കി. പരിമിത സൗകര്യം മാത്രമാണ് രാജ്യത്തുള്ളതെങ്കിലും കഴിയുന്നത്ര അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സോറന്‍ മിലാനോവിച്ച് വ്യക്തമാക്കി. 12 ദിവസത്തിനിടെ 78,000 അഭയാര്‍ഥികളാണ് ക്രൊയേഷ്യയിലെത്തിയത്.
Next Story

RELATED STORIES

Share it