ബാലു ഇനി ദീപ്തമായ ഓര്‍മ

തിരുവനന്തപുരം: ആര്‍ദ്രമായ ആ വയലിന്‍ നാദം ഇനി ഓര്‍മ. തൈക്കാട് ശാന്തികവാടത്തി ല്‍ ഔദ്യോഗിക ബഹുമതികളോടെയാണു ഫ്യൂഷനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ഭൗതികദേഹം സംസ്‌കരിച്ചത്. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രിയ ബാലുവിനെ അവസാനമായി കാണാന്‍ ശാന്തികവാടത്തില്‍ എത്തിയിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. രണ്ടിനു പുലര്‍ച്ചെയാണു തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്‌കര്‍ അന്തരിച്ചത്. ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടാവുന്നതിനിടെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം കടന്നെത്തുകയായിരുന്നു.
ബാലഭാസ്‌കര്‍ അന്തരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രി പരിസരം അദ്ദേഹത്തിന്റെ ആരാധകരെക്കൊണ്ടു നിറഞ്ഞു. മനസ്സുക ള്‍ കീഴടക്കിയ മാസ്മരിക സംഗീതമായിരുന്നു ബാലുവിന്റെ കരങ്ങള്‍ വയലിന്‍മീട്ടിയപ്പോഴൊക്കെ ഉണ്ടായത്. ആ സ്‌നേഹം അറിഞ്ഞവര്‍ക്ക് അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ കഴിഞ്ഞില്ല. ബാലു പഠിച്ച യൂനിവേഴ്‌സിറ്റി കോളജിലും ആ പ്രതിഭയെ ലോകം കണ്ടറിഞ്ഞ കലാഭവന്‍ തിയേറ്ററിലും പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
ഫ്യൂഷന്‍ സംഗീതലോകത്തു പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവന്നിരുന്ന ബാലു തന്റെ ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ ലോകമെമ്പാടും ആരാധകരെയുണ്ടാക്കി. സപ്തംബര്‍ 25നു ദേശീയപാതയി ല്‍ പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണു ബാലുവിനും കുടുംബത്തിനും പരിക്കേറ്റത്.
മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. മകളും ഭര്‍ത്താവും മരിച്ചതു ലക്ഷ്മി ഇതുവരെ അറിഞ്ഞിട്ടില്ല. മൂന്നാം വയസ്സില്‍ കൈകൊണ്ടെടുത്ത വയലിന്‍ ബാലു പിന്നൊരിക്കലും താഴെവച്ചിട്ടില്ല. യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ ആരംഭിച്ച കണ്‍ഫ്യൂഷന്‍ എന്ന ബാന്‍ഡിലൂടെയായിരുന്നു സുഹൃത്തുക്ക ള്‍ക്കിടയിലെ വയലിനിസ്റ്റ് രാജ്യമറിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറായി മാറിയത്. 2000 ത്തില്‍ ബിഗ്ബാന്‍ഡ് എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ ഫ്യൂഷന്‍ ബാന്‍ഡ് ആരംഭിച്ചു. ലോകപ്രശസ്തരായ സംഗീതഞ്ജര്‍ക്കെല്ലാം ബാലു പ്രിയങ്കരനായിരുന്നു. കോളജ് കാലത്തെ പ്രണയിനിയായിരുന്ന ലക്ഷ്മിയെ പിന്നീട് ജീവിതസഖിയാക്കി. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മകള്‍ തേജസ്വിനി ഇരുവരുടെയും ജീവിതത്തിലേക്കു കടന്നെത്തിയത്.
1978 ജൂലൈ 10നു തിരുവനന്തപുരം തിരുമലയില്‍ പോസ്റ്റ് മാസ്റ്ററായിരുന്ന കെ സി ഉണ്ണിയുടെയും സംസ്‌കൃത അധ്യാപികയായിരുന്ന ശാന്തകുമാരിയുടെയും മകനായാണു ജനനം. സഹോദരി: മീര.
17ാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് സിനിമാരംഗത്തെ പ്രവേശനം. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി, ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ നിനക്കായ്, ആദ്യമായ് എന്നീ പ്രശസ്ത ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചത് ബാലഭാസ്‌കറായിരുന്നു.
Next Story

RELATED STORIES

Share it