ബാലിസ്റ്റിക് മിസൈല്‍ വികസന പദ്ധതി വ്യാപനത്തിന് ഇറാന്‍  പ്രസിഡന്റ് ഉത്തരവിട്ടു

തെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ വികസനപദ്ധതി വ്യാപിപ്പിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഉത്തരവിട്ടു. ഒക്ടോബറില്‍ വിജയകരമായി നടത്തിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം യുഎന്‍ രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാണെന്നു യുഎസ് ആരോപിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായി ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കുമെതിരേ ഉപരോധം വ്യാപിപ്പിക്കാന്‍ യുഎസ് ശ്രമം നടത്തുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് മിസൈല്‍ വികസന പദ്ധതി വ്യാപിപ്പിക്കാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉത്തരവിട്ടത്.
തങ്ങളുടെ മിസൈല്‍ പദ്ധതിക്കു മേലുള്ള ഒരു നിയന്ത്രണവും സ്വീകാര്യമല്ലെന്നു പ്രതിരോധ മന്ത്രിക്കെഴുതിയ കത്തില്‍ റൂഹാനി വ്യക്തമാക്കി. നേരത്തേ യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയവരുടെ പട്ടികയിലേക്ക് കൂടുതല്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നത് അവരുടെ പരിഗണനയിലുണ്ടെന്നും റൂഹാനി കത്തില്‍ എഴുതുന്നു.
സൈന്യത്തിനുള്ള വിവിധ തരത്തിലുള്ള മിസൈലുകളുടെ നിര്‍മാണപദ്ധതിയുടെ വേഗം വര്‍ധിപ്പിക്കല്‍ അത്യന്താപേക്ഷിതമാണെന്നു കത്തില്‍ വ്യക്തമാക്കുന്നു.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുമായി ബന്ധമുണ്ടെന്നു കരുതുന്ന ഇറാന്‍, ഹോങ്കോങ്, യുഎഇ എന്നിവിടങ്ങളിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് യുഎസ് ഭരണകൂടം ഒരുക്കം തുടങ്ങിയതായി വാള്‍സ്ട്രീറ്റ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it