thiruvananthapuram local

ബാലസാഹിത്യമേഖലയെ പരിപോഷിപ്പിക്കാന്‍ പ്രത്യേക ഇടപെടലുകള്‍ ആവശ്യമാണ്: മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: നല്ല മനസ്സിന്റെ ഉടമകളെ രൂപപ്പെടുത്തുന്നതിന് കുട്ടികളെ സഹായിക്കുന്നത് മികച്ച ബാലസാഹിത്യമാണെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ബാലസാഹിത്യമേഖലയെ പരിപോഷിപ്പിക്കാന്‍ പ്രത്യേക ഇടപെടലുകള്‍ ആവശ്യമാണ്.
കാലത്തെ അതിജീവിക്കാന്‍ കുട്ടികളുടെ മനസ്സില്‍ മൗലികമായ മാറ്റമുണ്ടാക്കുന്ന ബാലസാഹിത്യരചനകള്‍ വരണം. കുട്ടികളുടെ മനസ്സും അഭിരുചിയും തിരിച്ചറിഞ്ഞ് നടത്തുന്ന രചനകളാണ് കാലാതിവര്‍ത്തികളെന്നും അദ്ദേഹം പറഞ്ഞു. മലയാള ബാലസാഹിത്യത്തിനു സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിവരുന്ന ബാലസാഹിത്യ പുരസ്‌കാരങ്ങളുടെ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകീട്ട് മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും ഗൗരവത്തോടെ ചെയ്യേണ്ട സാഹിത്യമേഖലയാണ് ബാലസാഹിത്യമെന്ന് ടീച്ചര്‍ പറഞ്ഞു. കവി പ്രഭാവര്‍മ, കേരള സാഹിത്യ അക്കാദമി അംഗം പ്രഫ. വി എന്‍ മുരളി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതി അംഗം ജി രാധാകൃഷ്ണന്‍, സബ് എഡിറ്റര്‍ ജെ എന്‍ സെലിന്‍ സംസാരിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതി അംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ പുരസ്‌കാര ജേതാക്കളെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി.2017ലെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്‌കാരത്തിന് ടി കെ ഡി മുഴപ്പിലങ്ങാട്, ശൂരനാട് രവി എന്നിവരാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. 50000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കഥ/നോവല്‍ വിഭാഗത്തില്‍ എസ് ആര്‍ ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), കവിത വിഭാഗത്തില്‍ ദിനകരന്‍ ചെങ്ങമനാട് (മയിലാട്ടം), നാടകം വിഭാഗത്തില്‍ വിനീഷ് കളത്തറ (കൊതിപ്പായസം), ജീവചരിത്രവിഭാഗത്തില്‍ അംബുജം കടമ്പൂര്‍ (കുമാരനാശാന്‍), പുനരാഖ്യാന വിഭാഗത്തില്‍ ഡോ. ടി ആര്‍ ശങ്കുണ്ണി (ഹിതോപദേശ കഥകള്‍), ശാസ്ത്രവിഭാഗത്തില്‍ സി കെ ബിജു (മാന്ത്രികച്ചരടുകള്‍), വൈജ്ഞാനികവിഭാഗത്തില്‍ ജി എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍ (കത്തിരിക്കക്കഥകള്‍), ചിത്രീകരണവിഭാഗത്തില്‍ ബൈജുദേവ് (അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര), പുസ്തകഡിസൈന്‍ വിഭാഗത്തില്‍ രഞ്ജിത്ത് പുത്തന്‍ചിറ (പൂമരം) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.
Next Story

RELATED STORIES

Share it