Gulf

ബാലവെളിച്ചം ഉദ്ഘാടനം ചെയ്തു

ദോഹ: കുട്ടികളുടെ പ്രാഗല്‍ഭ്യത്തെ അന്തസ്സിന്റെ അളവുകോലാക്കി മല്‍സരിക്കുന്ന ആധുനിക സമൂഹത്തിലെ രക്ഷിതാക്കളോട്, തങ്ങളുടെ മക്കളുടെ പോരായ്മയെ കാരുണ്യത്തോടെ പരിഗണിക്കാനും അവരിലുള്ള കഴിവിനെ സ്‌നേഹം നല്‍കി വളര്‍ത്തിയെടുക്കാനും ശ്രദ്ധിക്കണമെന്നു പ്രശസ്ത പ്രഭാഷകനും വിദ്യാഭ്യാസ കൗണ്‍സിലറുമായ സുലൈമാന്‍ മേല്‍പ്പത്തൂര്‍ ആഹ്വാനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കുട്ടികള്‍ക്കായുള്ള ഖുര്‍ആന്‍ പഠനപദ്ധതിയായ ബാലവെളിച്ചം' ഉദ്ഘാടന സമ്മേളനത്തിന്റെ സമാപന സെഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പഠനത്തില്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടത് രക്ഷിതാക്കള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഐ ടി മാനേജര്‍ ഡോ. മുഹമ്മദ് ശാകിര്‍, ഭാവിയെക്കുറിച്ചൊരു സ്വപ്‌നം എന്ന വിഷയത്തെക്കുറിച്ചു കുട്ടികളുമായി സംവദിച്ചു. എന്‍ വി സകരിയ്യ മൗലവി, മുജീബ് മദനി, അഡ്വ. ഷബീന മൊയ്തീന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ബാലവെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയെക്കുറിച്ചു ഡോ. അബ്ദുല്‍ അഹദ് മദനി വിശദീകരിച്ചു. വിവിധ പരീക്ഷകളിലും മത്സരങ്ങളിലും വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു. എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ കെ ജി ഹാളില്‍ നടന്ന ബാലവെളിച്ചം സമ്മേളനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. മുഹമ്മദ് ഹാറൂന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ ആദം നജീബ് അധ്യക്ഷനായിരുന്നു.
മാസ്റ്റര്‍ വാഫി ഷിഹാദ് ഖിറാഅത്ത് നടത്തി. മാസ്റ്റര്‍ ഫസല്‍ അഹമ്മദ് ഇംഗ്ലീഷിലും അബ്ദുല്‍ ഹാദി മലയാളത്തിലും പരിഭാഷപ്പെടുത്തി. കൊച്ചു വിദ്യാര്‍ഥികളുടെ ഗാനാലാപനമുണ്ടായിരുന്നു. മാസ്റ്റര്‍ സുഹൈല്‍ അബ്ദുല്‍ ലത്തീഫ് സ്വാഗതവും മാസ്റ്റര്‍ സഹല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it