thiruvananthapuram local

ബാലരാമപുരത്ത് പനി ബാധിച്ച് ഒരുമാസത്തിനിടെ ആറുമരണം



ബാലരാമപുരം: പനിപടര്‍ന്ന് പിടിക്കുന്ന ബാലരാമപുരത്ത് പനിബാധിച്ച് ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ചത് ആറുപേര്‍. രോഗം മൂര്‍ച്ഛിച്ച് വിവിധ ആശുപത്രികളിലായി നിരവധിപേര്‍ ചികില്‍സയിലാണ്. പലരുടേയും നിലഗുരുതരമാണ്. പനിപടര്‍ന്നുപിടിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കം നടക്കുന്നില്ല. പനിബാധിച്ച് ഇന്നലെ ബാലരാമപുരം മണ്ണാര്‍കുന്ന് സ്വദേശി കവിതാ ഭവനില്‍ വിജയന്റെ ഭാര്യ ബോബി(60)ഉം ഹൗസിങ് ബോര്‍ഡ് ഫഌറ്റില്‍ ആറിലെ താമസക്കാരനുമായ മുഹമ്മദ് ബഷീര്‍(65)മാണ് മരിച്ചത്.  രണ്ടുദിവസം മുമ്പ് ശാന്തിവിള സര്‍വോദയം റോഡില്‍ അമല്‍കൃഷ്ണ(11), കോണ്‍വന്റ് റോഡില്‍ കവിതാഭവനില്‍ കവിത(35)ഉം ഒരാഴ്ച മുമ്പ് ബാലരാമപുരം ഐത്തിയൂര്‍ സ്വദേശി അയിണിയറ ആലവീട്ടില്‍ ചന്ദ്രന്റെ ഭാര്യ ചന്ദ്രിക(48), കല്ലിയൂര്‍ സ്വദേശി കോര്‍പറേഷന്‍ ജീവനക്കാരന്‍ ജയകുമാര്‍(46)എന്നിവരാണ് മരിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച നിരവധിപേര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമാണ്  ചികില്‍സ തേടിയിരിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നേടിയിരിക്കുകയാണ്. ഓരോ വീട്ടില്‍ നിന്നും രണ്ടുംമൂന്നും പേര്‍ ചികില്‍സയിലാണ്.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാത്താണ് പനിപടര്‍ന്നുപിടിക്കാന്‍ കാരണം. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് പരിസ്ഥിതി ദിനത്തില്‍ വീടുകളില്‍ ശുചീകരണം നടത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് ഫലപ്രദമായില്ല. കൊതുകിനെ തുരത്താനുള്ള ഫോഗിങ് പരിപാടി പലയിടത്തും പരാജയപ്പെട്ടു. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ, മരുന്നോ ഇല്ലെന്നതാണ് പരിതാപകരം. ബാലരാമപുരത്ത് ഹെല്‍ത്ത് സെന്ററില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുമില്ല. അഞ്ചുഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ പലദിവസങ്ങളിലും രണ്ടു ഡോക്ടര്‍മാരാണ് ഡ്യൂട്ടിക്ക് ഹാജരാവുന്നത്. ലാബ് സൗകര്യം ആശുപത്രിയ്ക്കുണ്ടെങ്കിലും ടെസ്റ്റുകള്‍ മുഴുവന്‍ പുറത്ത് സ്വകാര്യ സ്ഥാപനങ്ങളിലാണ് നടക്കുന്നത്. ആശുപത്രിയിലെ തിരക്ക് കാരണം പലരും വൈകീട്ട് ഡോക്ടര്‍മരുടെ വീടുകളിലാണ് കാണാനെത്തുന്നത്്.
Next Story

RELATED STORIES

Share it