thiruvananthapuram local

ബാലരാമപുരത്ത് കൊട്ടിക്കലാശം കൂട്ടത്തല്ലിലും കല്ലേറിലും കലാശിച്ചു

ബാലരാമപുരം: കെഎസ്ആര്‍ടിസി ബസ്സും എല്‍ഡിഎഫ്, യുഡിഎഫ് പ്രചാരണ വാഹനങ്ങളും തകര്‍ത്തു. കല്ലേറിലും കലാശിച്ചു.
എസ്‌ഐ ഉള്‍െപ്പടെ 12 പേര്‍ക്ക് പരിക്ക്. ബാലരാമപുരം എസ്‌ഐ ടി വിജയകുമാര്‍ കോ ണ്‍സ്റ്റബിള്‍മാരായ ഷിബു (35), പ്രതാപ് കെ നായര്‍ (40), എല്‍ഡിഎഫ് പ്രവര്‍ത്തകരായ നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഡി സുരേഷ് കുമാര്‍, രാജേന്ദ്രന്‍, ശിവരുന്ദ്രന്‍, ഉണ്ണിക്കുട്ടന്‍, സുരേഷ്, രാഹുല്‍, യുഡിഎഫ് പ്രവര്‍ത്തകരായ അല്‍അമീന്‍, ജോണ്‍സന്‍, ഫിനോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ബസ്സും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങളും എറിഞ്ഞ് തകര്‍ത്തു. ഇത്തവണ പതിവിലും വിരുദ്ധമായിട്ട് വൈകീട്ട് 4 മുതല്‍ ജങ്ഷനില്‍ രാഷ്ട്രീയക്കാര്‍ കൈയടക്കി. ജങ്ഷന്‍ കീഴടക്കിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബാന്‍ഡ്‌മേളവുമായി ആദ്യം തന്നെ ജങ്ഷനില്‍ നിലയുറപ്പിച്ചു. 4.15ഓടെ ജങ്ഷനിലെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ രണ്ടാമത് വന്ന യുഡിഎഫിന്റെ പ്രചാരണ വാഹനം ജങ്ഷനിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു തുടക്കം. വാഹനം മുന്നിലേക്ക് എടുത്തത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവിഭാഗക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
സംഭവം തടയാന്‍ പോലിസുകാര്‍ ശ്രമിച്ചുവെങ്കിലും ഇവരെ മറികടന്ന് ഇരുവിഭാഗവും മാറിമാറി ഏറ്റുമുട്ടി. ഇതിനിടയില്‍ രണ്ടു ഭാഗത്തു നിന്നും കല്ലും സോഡാക്കുപ്പികളും ഏറു തുടങ്ങി. അതോടെ പ്രദേശം ആകെ സംഘര്‍ഷഭരിതമായി. രണ്ടു മണിക്കൂറോളം ഇരുവിഭാഗവും റോഡില്‍ തെരുവുയുദ്ധം നടത്തി.
ആദ്യഘട്ടത്തില്‍ ഇവരെ വിരട്ടിയോടിക്കാന്‍ പോലിസ് ശ്രമിക്കുന്നതിനിടെ കല്ലേറുണ്ടായപ്പോള്‍ പിന്‍മാറിയ പോലിസ് പിന്നീട് ഇരുവിഭാഗത്തിനെയും ലാത്തിയടിച്ചു. ഇതിനിടെയാണ് രണ്ടു പോലിസുകാര്‍ക്കും എസ്‌ഐക്കും പരിക്കേറ്റത്. എസ്‌ഐയുടെ തലയില്‍ കല്ലേറു കൊണ്ടാണ് പരിക്കേറ്റത്. പലര്‍ക്കും സോഡാക്കുപ്പി പൊട്ടിത്തെറിച്ച് കാലുകളില്‍ ചില്ലുകള്‍ തളച്ചുകയറിയിരുന്നു.
പരിഭ്രാന്തരായ വഴിയാത്രക്കാര്‍ ജീവനും കൊണ്ടോടുകയായിരുന്നു. കുട്ടികളുമായെത്തിയ ബൈക്ക് യാത്രികന്‍ ഭാര്യയെയും കുട്ടികളുമായി സ്‌റ്റേഷനുള്ളില്‍ കയറി അഭയം തേടി. അതുപോലെ കാര്യമറിയാതെ പലഭാഗത്തു നിന്നുമെത്തിയ വഴിയാത്രക്കാര്‍ ആകെ ഭയന്നു.
കാട്ടാക്കട റോഡില്‍ നിന്നു വിഴിഞ്ഞം ഭാഗത്തേക്ക് പോകാന്‍ വന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന എല്‍ഡിഎഫ് പ്രചാരണ വാഹനവും ജങ്ഷനില്‍ തള്ളിക്കയറാന്‍ ശ്രമിച്ച ലോറിയും തകര്‍ക്കപ്പെട്ടു. പലര്‍ക്കും കൈക്കും കാലിനും തലയ്ക്കുമാണ് പരിക്കേറ്റത്.
5.45ഓടെ മഴ പെയ്തതോടെ ബാലരാമപുരം ശാന്തമായി പിരിഞ്ഞുപോയ യുഡിഎഫ് പ്രവര്‍ത്തകര്‍ വിഴിഞ്ഞം റോഡിലെ എല്‍ഡിഎഫ് കേന്ദ്രകമ്മിറ്റി ഓഫിസും എല്‍ഡിഎഫിന്റെ നിരവധി പ്രചാരണ ഫഌക്‌സുകളും കാട്ടാക്കട റോഡില്‍ യുഡിഎഫിന്റെ നിരവധി പ്രചാരണ ഫഌക്‌സുകളും തേമ്പാമുട്ടത്ത് യുഡിഎഫ് ബൂത്ത് ഓഫിസും തകര്‍ത്തു.
യുഡിഎഫ് പ്രവര്‍ത്തകരായ എം ആര്‍ രഘുചന്ദ്രപാല്‍, സ്ഥാനാര്‍ഥി എം വിന്‍സെന്റ്, കോളിയൂര്‍ ദിവാകരന്‍ എന്നിവര്‍ ഇലക്ഷന്‍ കമ്മീഷനും ഉന്നത പോലിസ് അധികാരികള്‍ക്കും പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയുമായി രാത്രി 7ഓടെ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it