Flash News

ബാലപീഡകര്‍ക്ക് വധശിക്ഷ

ബാലപീഡകര്‍ക്ക് വധശിക്ഷ
X
ന്യൂഡല്‍ഹി: 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ക്രിമിനല്‍ നിയമ (ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരം 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് 20 വര്‍ഷത്തെ ജയില്‍ശിക്ഷയോ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും.
16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമായി ഉയര്‍ത്തി. ഇത് ജീവിതകാലം മുഴുവനുമുള്ള തടവുശിക്ഷയായും വര്‍ധിപ്പിക്കാവുന്നതാണ്. ഐപിസി, തെളിവുനിയമം, സിആര്‍പിസി, പോക്‌സോ നിയമം (കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നത് തടയുന്നതിനുള്ള നിയമം) എന്നിവ ഇതിനായി ഭേദഗതി ചെയ്യണമെന്നാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്.


സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുള്ള ചുരുങ്ങിയ ശിക്ഷ ഏഴു വര്‍ഷം കഠിനതടവായിരുന്നത് 10 വര്‍ഷമാക്കി ഉയര്‍ത്തി. ഇത് ജീവപര്യന്തമായും വര്‍ധിപ്പിക്കാവുന്നതാണെന്ന് ഭേദഗതിയില്‍ പറയുന്നു. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ബലാല്‍സംഗ കേസുകളില്‍ അന്വേഷണവും വിചാരണയും അതിവേഗത്തില്‍ പൂര്‍ത്തിയാക്കണം. പരമാവധി രണ്ടു മാസമാണ് ഇതിനു നിശ്ചയിച്ചിരിക്കുന്നത്. ഭേദഗതി പ്രകാരം 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം, അല്ലെങ്കില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല.
കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനുള്ള നിയമത്തില്‍ (പോക്‌സോ) ഭേദഗതി വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജമ്മു-കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ടതും കേന്ദ്ര സര്‍ക്കാരിനു സമ്മര്‍ദത്തിലാക്കിയിരുന്നു.
സുപ്രിംകോടതി അഭിഭാഷകയായ അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പഴയ നിലപാടില്‍ മാറ്റം വരുത്തിയത്. ഈ ഹരജിയില്‍ നേരത്തേ വാദം കേട്ട സമയത്ത് വധശിക്ഷ എല്ലാ കാര്യത്തിനും ഒരു മറുപടിയല്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നത്. ജനുവരിയില്‍ ഉത്തര-പശ്ചിമ ഡല്‍ഹിയിലെ ശാഖുര്‍ബസ്തിയില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ബലാല്‍സംഗത്തിനിരയായ പശ്ചാത്തലത്തിലാണ് അഡ്വ. ശ്രീവാസ്തവ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it