Flash News

ബാലനീതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി

ന്യൂഡല്‍ഹി: നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ജുവനൈല്‍ ജസ്റ്റിസ് (ബാലനീതി) ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി.  കഴിഞ്ഞ വര്‍ഷം തയ്യാറാക്കപ്പെട്ട ബില്ല് ഈ മെയില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ക്രൂരമായ കുറ്റകൃത്യം ചെയ്ത 16 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തുക, അതില്‍ താഴെ ഗൗരവമുള്ള സമാന പ്രായക്കാരായ കുട്ടികളെ ആവശ്യമെങ്കി ല്‍ 21 വയസ്സിന് ശേഷം മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തുക തുടങ്ങിയ വകുപ്പുകളാണ് ബില്ലിലുള്ളത്്. കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും തടവു ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളെയാണ് ക്രൂരമായ കുറ്റകൃത്യമെന്നത് കൊണ്ട് ബില്ലില്‍ ഉദ്ദേശിക്കുന്നത്. ഇത്തരം കുറ്റകൃത്യം നടത്തുന്ന പതിനാറ് വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് ബില്ല് നിയമമാകുന്നതോടു കൂടി കുട്ടികള്‍ എന്ന പരിഗണന ലഭിക്കില്ല.
നിലവില്‍ പ്രാബല്യത്തിലുള്ള, 2000ല്‍ പാസാക്കിയ, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് പകരമായാണ് ഇന്നവതരിപ്പിച്ച ബില്‍. വനിതാ, ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ല് നിയമമായതോടെ രാജ്യത്തെ മുഴുവന്‍ ജില്ലകളിലും കുറഞ്ഞത് ഒരു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡെങ്കിലും സ്ഥാപിക്കും. രണ്ട് സാമൂഹിക പ്രവര്‍ത്തകരടക്കം മൂന്നു പേരടങ്ങിയ ബോര്‍ഡില്‍ മൂന്നാമത്തെ അംഗം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റോ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റോ ആയിരിക്കും. അംഗങ്ങളാവുന്ന സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാള്‍ നിര്‍ബന്ധമായും സ്ത്രീയായിരിക്കും.
കുട്ടികള്‍ കുറ്റവാളികളാവുന്ന കേസുകളില്‍ അവര്‍ക്ക് നിയമ സഹായം നല്‍കുക, അവര്‍ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്യപ്പെടാന്‍ അര്‍ഹരാണോ എന്നറിയാന്‍ പ്രാഥമിക അന്വേഷണം നടത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ബോര്‍ഡിനുണ്ടായിരിക്കും.ഇതു കൂടാതെ പ്രത്യേക ശിശു കോടതികള്‍, എല്ലാ ജില്ലയിലും പ്രത്യേക ജുവനൈല്‍ പോലിസ് യൂനിറ്റുകള്‍, എല്ലാ പോലിസ് സ്‌റ്റേഷനിലും ശിശുക്ഷേമ പോലിസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയ നിര്‍ദേശങ്ങളും ബില്ലിലുണ്ട്. ഓരോ ജില്ലയിലും ഒന്നോ അതിലധികമോ ശിശു ക്ഷേമ കമ്മിറ്റികളും നിലവില്‍ വരും. ശിശു ക്ഷേമവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുക, കുട്ടികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളെ നിരീക്ഷിക്കുക തുടങ്ങിയവ കമ്മിറ്റിയുടെ ചുമതലയായിരിക്കും.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം വോട്ടെടുപ്പില്‍ നി്ന്നും വിട്ടുനിന്നു. ഇതേ ആവശ്യമുന്നയിച്ച്്് കോണ്‍ഗ്രസ്, ജനതാദള്‍ യു, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു.
Next Story

RELATED STORIES

Share it