ബാലനീതി നിയമം: കരട് ചട്ടങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടിക്കുറ്റവാളികളെ കൈയാമം വയ്ക്കാനോ ജയിലിലേക്കയക്കാനോ ലോക്കപ്പില്‍ പാര്‍പ്പിക്കാനോ പാടില്ലെന്നു വ്യവസ്ഥചെയ്യുന്ന ബാലനീതി നിയമം 2015ലെ കരട് ചട്ടങ്ങളുടെ വിജ്ഞാപനമായി. പോലിസിനായി വിപുലമായ ബാല സൗഹൃദ നടപടിക്രമങ്ങള്‍ ഒരുക്കുമെന്നും കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കി.
കുട്ടിക്കുറ്റവാളികളെ കൈകാര്യംചെയ്യുന്ന വിഷയത്തില്‍ നിലവില്‍ ബാലനീതി ബോര്‍ഡും കുട്ടികള്‍ക്കുള്ള കോടതിയും ആശയക്കുഴപ്പം നേരിടുന്നതായും അവര്‍ വ്യക്തമാക്കി. കുട്ടിക്കുറ്റവാളികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ശരിയായ ആരോഗ്യ- നിയമസഹായം പുതിയ കരട് വിജ്ഞാപനത്തില്‍ ഉറപ്പുനല്‍കുന്നുണ്ട്.
കുട്ടികളുടെ താല്‍പര്യങ്ങളും സമൂഹത്തില്‍ കുട്ടികളുടെ പൂര്‍ണതയും പുനരധിവാസ ലക്ഷ്യങ്ങളും ബാലനീതി ബോര്‍ഡും കുട്ടികള്‍ക്കുവേണ്ടിയുള്ള കോടതിയും ഉയര്‍ത്തിപ്പിടിക്കണമെന്നു മേനക ഗാന്ധി ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ പുനരധിവാസത്തിനു സുരക്ഷിതമായ കേന്ദ്രം ഓരോ സംസ്ഥാനവും ഒരുക്കണമെന്നും കരട് വിജ്ഞാപനം വ്യക്തമാക്കുന്നു. ഇത്തരം കുട്ടികളെ നിരീക്ഷണവിധേയമാക്കുന്നതിനുതകുംവിധം സമഗ്രമായ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും വിജ്ഞാപനം ആവശ്യപ്പെടുന്നു. സീനിയര്‍ ജഡ്ജി, അഭിഭാഷകര്‍, ബാലനീതി ബോര്‍ഡ്-ശിശുക്ഷേമ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, മാനസികാരോഗ്യ വിദഗ്ധര്‍, പൊതുസമൂഹത്തില്‍ നിന്നുള്ള അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ബഹുമുഖ അച്ചടക്ക കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശമുണ്ട്.
കുട്ടികള്‍ക്കെതിരായ നിരവധി പുതിയ കുറ്റകൃത്യങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ആവശ്യത്തിനു വേണ്ടി കുട്ടികളെ വില്‍ക്കലും വാങ്ങലും, ബാല സംരക്ഷണ കേന്ദ്രങ്ങളിലെ ശാരീരിക പീഡനം, സായുധപ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കല്‍, കുഞ്ഞുങ്ങള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it