Flash News

ബാലഗംഗാധര തിലകന്റെ ഇംഗ്ലീഷ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം

പി എ എം  ഹനീഫ്

പൂനെ: 1850ല്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കളും സ്വാതന്ത്ര്യസമര സേനാനികളും ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. ഈ അധ്യയനവര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനാനുമതി നല്‍കി. 25 വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ ചേര്‍ന്നുകഴിഞ്ഞു.
വലിയൊരു വിദ്യാഭ്യാസവിപ്ലവത്തിന്റെ തുടര്‍ച്ചയായിരുന്നു പൂനെയിലെ ഈ വിദ്യാലയം. വിഷ്ണുകൃഷ്ണ ചിപഌങ്കാര്‍, ബാലഗംഗാധര തിലക്, ഗോപാല്‍ ഗണേശ് അഗാര്‍ക്കര്‍ എന്നിവര്‍ ഡെക്കാന്‍ വിദ്യാഭ്യാസ സൊസൈറ്റി രൂപീകരിച്ച് സ്ഥാപിച്ചതാണ് ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് വിദ്യാലയം. തൊട്ടടുത്തു തന്നെ പെണ്‍കുട്ടികള്‍ക്കായി അഹല്യാദേവി സ്‌കൂളിനും തുടക്കമിട്ടു.
ചിപഌങ്കാര്‍ മഹാരാഷ്ട്രയുടെ ദേശീയ കവിയായിരുന്നു. ബ്രിട്ടിഷ് ഇന്ത്യക്കെതിരേ പോരാടാന്‍ 1879ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു രാജിവച്ച് ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. തിലകിന്റെ ഉറ്റസുഹൃത്തുക്കളായ മഹാദേവ് ബള്ളാശാ, നാം ജോഷി എന്നിവരും തിലകനൊപ്പം സ്‌കൂള്‍ ഫാക്കല്‍റ്റിയില്‍ അംഗങ്ങളായി. ഇവരെല്ലാം യുവാക്കളായിരുന്നു എന്നതു മാത്രമല്ല, ബ്രിട്ടന്റെ സിലബസ്സുകള്‍ക്കെതിരേയുള്ള സമരംകൂടിയായിരുന്നു സ്‌കൂള്‍ സ്ഥാപനം. ബോംബെ കേന്ദ്രീകരിച്ച് സ്വദേശി വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനു മറ്റുള്ളവര്‍ക്കും അത് സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കൊപ്പം മറ്റൊരു വിപ്ലവപ്രവര്‍ത്തനമായി. 1850 ജനുവരി 2ന് 19 വിദ്യാര്‍ഥികളുമായി ആരംഭിച്ച ആ വിചാരവിപ്ലവത്തിന് പടിപടിയായി ഗംഭീര വളര്‍ച്ചയുണ്ടായി.
അധ്യാപകര്‍ക്ക് 75 രൂപ മുതല്‍ 100 രൂപ വരെയായിരുന്നു പ്രതിമാസ വേതനം. അഞ്ചുവര്‍ഷംകൊണ്ട് ബോംബെ പ്രസിഡന്‍സിയിലെ ഉന്നതവിദ്യാലയങ്ങളിലൊന്നായി ഇംഗ്ലീഷ് സ്‌കൂള്‍ വളര്‍ന്നു.
1885ല്‍ പൂനെയില്‍ ഫര്‍ഗൂസന്‍ കോളജ്, 1919ല്‍ സാംഗ്ലിയില്‍ വില്ലിങ്ടണ്‍ കോളജ്, 1943ല്‍ ബ്രിഹാന്‍ കൊമേഴ്‌സ് കോളജ് എന്നിങ്ങനെ ശാഖോപശാഖകള്‍ വിശാലമായി. ഇന്ന് അഞ്ചു മുതല്‍ 10 വരെ 500 വിദ്യാര്‍ഥികളുമായി ഓള്‍ഡ് പൂനെയില്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രശസ്തിയുടെ ഉന്നതങ്ങളിലാണ്.
Next Story

RELATED STORIES

Share it