ബാലകൃഷ്ണന്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും

കൊച്ചി: കാസര്‍കോട് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായിരുന്ന  ബാലകൃഷ്ണന്‍ വധക്കേസില്‍ രണ്ടു പ്രതികള്‍ക്കു കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് ചാട്ടച്ചാല്‍ തെക്കില്‍ ഇക്കു എന്ന മുഹമ്മദ് ഇക്ബാല്‍, തലങ്ങറ ജാക്കി ഹനീഫ് എന്ന മുഹമ്മദ് ഹനീഫ് എന്നിവരെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് സന്തോഷ്‌കുമാര്‍ ശിക്ഷിച്ചത്.
പിഴ തുക കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ പിതാവ് ഗോപാലനു നല്‍കണമെന്നു വിധിന്യായത്തില്‍ പറയുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മൂന്നു പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. 2001 സപ്തംബര്‍ 18നാണു ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ ചേര്‍ന്ന് നടത്തിയ ഗുഢാലോചനയെ തുടര്‍ന്ന് ഇക്ബാലും മുഹമ്മദ് ഹനീഫും ചേര്‍ന്നു കാസര്‍കോട് നുള്ളിപ്പടിയില്‍ നിന്നു ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിനു സമീപം കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്.
അഞ്ചാം പ്രതിയുടെ മകളെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണു കോടതി കണ്ടെത്തിയത്. കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സിബിഐ ഹരജി സമര്‍പ്പിച്ചു. 25ഉം 26 ഉം സാക്ഷികളായ മുഹമ്മദ് കുഞ്ഞി, സിഎ അബാസ് എന്നിവരാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴി വിചാരണാ വേളയില്‍ മാറ്റിപ്പറഞ്ഞത്. ഇവരോട് ഹാജരാവാന്‍ നിര്‍ദേശിച്ച്  കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
Next Story

RELATED STORIES

Share it