malappuram local

ബാറുകളും കള്ളുഷാപ്പുകളും തുറക്കാനുള്ള തീരുമാനം: ആശങ്കയോടെ നാട്ടുകാര്‍

എടപ്പാള്‍: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയിട്ട ബാറുകളും കള്ള് ഷാപ്പുകളും തുറക്കുന്നതിന്റെ മുന്നോടിയായി തകൃതിയായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഏപ്രില്‍ 15ഓടെ സംസ്ഥാനത്തെ ഒട്ടുമിക്ക മദ്യശാലകളും തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് മദ്യമുതലാളിമാര്‍. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് അടച്ചിട്ട മദ്യശാലകള്‍ തുറക്കുന്നതോടൊപ്പം തന്നെ ഒട്ടേറെ സ്ഥലങ്ങളില്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിടേണ്ടി വന്ന മദ്യശാലകളും തുറക്കുന്നതിനുള്ള നടപടികളാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റിപ്പുറത്തും പേരശന്നൂരിലും മദ്യദുരന്തമുണ്ടായി 30 ഓളം പേര്‍ മരണമടയാനിടയായ സഹചര്യത്തില്‍ അടച്ചിടേണ്ടി വന്ന കള്ളുഷാപ്പുകള്‍ പോലും തുറക്കുമെന്നാണറിയുന്നത്. അടുത്തിടെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത് പൂട്ടിയിട്ട ഏതാനും മദ്യഷാപ്പുടമകള്‍ നല്‍കിയ പരാതിയിലായിരുന്നു. ഇവ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാറിന് കൈകൊള്ളാമെന്ന കോടതിയുടെ ഉത്തരവ് വ്യാഖ്യാനിച്ചാണ് മുഴുവന്‍ മദ്യശാലകളും തുറക്കാനുള്ള ഊര്‍ജ്ജിത ശ്രമം നടക്കുന്നത്.
പതിനായിരം ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ നഗരങ്ങളുടെ പട്ടികയില്‍ പെടുത്തി ആവശ്യമെങ്കില്‍ മദ്യശാല അനുവദിക്കാമെന്ന ഉത്തരവ് മാത്രമാണ് കോടതി പുറപ്പെടുവിച്ചത്. ഈ ഉത്തരവ് മറയാക്കിയാണ് എല്ലാ പഞ്ചായത്തുകളെയും നഗരത്തിന്റെ ഗണത്തില്‍പെടുത്തി പൂട്ടിയിട്ട മുഴുവന്‍ മദ്യശാലകളും തുറക്കുന്നത്.
പുതിയ മദ്യശാലകള്‍ക്ക് സ്ഥലം കണ്ടെത്താനും പഴയവ മാറ്റി സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താനുമായി പരമ്പരാഗത കള്ള് കച്ചവടക്കാര്‍ നെട്ടോട്ടമോടുകയാണ്.
പ്രദേശത്തെ സമാധാന ജീവിതം തകര്‍ക്കുന്നതിനും ഒരുതലമുറയെ മുഴുവന്‍ മദ്യാസക്തിയിലേക്ക് തള്ളിവിടാനും മാത്രം ഉതകുന്ന ഇത്തരം മദ്യശാലകള്‍ സ്ഥാപിക്കുന്നതിനെതിരേ വന്‍ ചെറുത്ത് നില്‍പ്പുകള്‍ക്ക് നാട്ടുകാര്‍ തയ്യാറെടുക്കുന്നുണ്ട്. എടപ്പാള്‍ മേഖലയില്‍ പൂട്ടിയിട്ടിരുന്ന രണ്ട് ബാര്‍ ഹോട്ടലുകള്‍ ഇതിനകം തുറന്ന് മദ്യവില്‍പ്പന ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it