Kerala

ബാര്‍ ലൈസന്‍സ്: കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു

ബാര്‍ ലൈസന്‍സ്: കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു
X
bar-new

തിരുവനന്തപുരം: ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ഇന്നുചേരുന്ന യുഡിഎഫ് ഏകോപനസമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയാവും.
ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കേണ്ടത് ആവശ്യമാണെന്നാണ് ഇന്നലെ സുധീരന്‍ പ്രതികരിച്ചത്. മദ്യനയത്തിന്റെ ഭാഗമായാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍വ വശങ്ങളും പരിശോധിച്ച് മദ്യനയം കുറ്റമറ്റരീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ നടപടിയെടുക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. എന്നാല്‍, ആറ് പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് പുതുതായി ബാര്‍ ലൈസന്‍സ് നല്‍കിയത് സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഏതു സാഹചര്യത്തിലാണ് ഇപ്പോള്‍ ലൈസന്‍സ് നല്‍കിയതെന്നതിന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പുതിയ ബാറുകള്‍ക്കുള്ള അനുമതി പുനപ്പരിശോധിക്കണമെന്ന സുധീരന്റെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മദ്യനയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
പുതുതായി ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സര്‍ക്കാരിന്റെ വിവാദ ഉത്തരവുകളും സ്ഥാനാര്‍ഥിനിര്‍ണയവുമൊക്കെയായി കലുഷിതമായിരുന്ന കോണ്‍ഗ്രസ്സിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുന്നതിനു പിന്നാലെയെത്തിയ ബാര്‍ ലൈസന്‍സ് വിവാദം വീണ്ടും ഗ്രൂപ്പ്‌പോരിന് തിരികൊളുത്തിയിട്ടുണ്ട്. മദ്യനയം യുഡിഎഫ് തിരഞ്ഞെടുപ്പുവിഷയമാക്കുന്നതിനിടെ പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് മുന്നണിയിലും ചര്‍ച്ചയായി. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും സുധീരനെ പിന്തുണയ്ക്കുന്നവരും ഇക്കാര്യത്തിലുള്ള വിയോജിപ്പ് ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും.
അതേസമയം, പുതിയ ബാറുകള്‍ അനുവദിച്ചത് കേന്ദ്രമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രംഗത്തെത്തി. പുതിയ ബാര്‍ നല്‍കണോ എന്നു തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രത്തെ പഴിചാരേണ്ടെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു.
Next Story

RELATED STORIES

Share it