ബാര്‍ കോഴ: സര്‍ക്കാരിനും മാണിക്കുമെതിരേ കുരുക്ക് മുറുകും; നിലപാട് കടുപ്പിച്ച് ബാര്‍ ഉടമകള്‍

തിരുവനന്തപുരം: ബാര്‍ ലൈസന്‍സിലെ സുപ്രിംകോടതി വിധി സര്‍ക്കാരിന് ആശ്വാസമായെങ്കിലും ബാര്‍ കോഴയില്‍ തലവേദന തുടരും. ബാറുകള്‍ തുറക്കില്ലെന്ന് ഉറപ്പായതോടെ കോഴയാരോപണവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സിനു കൈമാറണമെന്നാണ് ഒരു വിഭാഗം ബാര്‍ ഉടമകളുടെ നിലപാട്. അങ്ങനെ വന്നാല്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കും സര്‍ക്കാരിനും ബാര്‍ കോഴക്കേസ് വീണ്ടും കുരുക്കായി മാറും. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരേ തുടരന്വേഷണം നടക്കുന്നതിനിടെയാണ് സുപ്രിംകോടതി വിധി.
ഈ സാഹചര്യത്തില്‍ മാണിക്കെതിരായ വിജിലന്‍സ് കേസില്‍ ഈ മാസം 30നകം മൊഴി നല്‍കണമെന്ന നിര്‍ദേശം ബാര്‍ ഉടമകള്‍ തള്ളി. കൂടിയാലോചനകള്‍ക്കു ശേഷം മൊഴി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ബാര്‍ ലൈസന്‍സ് കേസിലെ സുപ്രിംകോടതി വിധിക്ക് അനുസരിച്ച് ബാര്‍ കോഴക്കേസില്‍ നിലപാട് സ്വീകരിക്കാമെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. കോടതിവിധി എതിരായതോടെ ബാര്‍ കോഴക്കേസ് അന്വേഷണവുമായി ബാര്‍ ഉടമകള്‍ സഹകരിക്കുമെന്നാണ് സൂചന.
അടച്ച ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തിലാണ് വിജിലന്‍സിന്റെ തുടരന്വേഷണം നടക്കുന്നത്. കോഴയാരോപണം ശരിവച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ നല്‍കിയ റിപോര്‍ട്ട് നേരത്തേ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അംഗീകരിച്ചിരുന്നു.
തുടരന്വേഷണവുമായി ബാര്‍ ഉടമകള്‍ സഹകരിച്ചാല്‍ മൂന്നൂറിലധികം ബാര്‍ ഉടമകള്‍ വിജിലന്‍സിനു മൊഴി നല്‍കും. മാണിക്ക് അനുകൂലമായി മൊഴി നല്‍കിയവര്‍ പലരും ഇനി നിലപാട് മാറ്റിയേക്കും. അസോസിയേഷന്‍ ക്യാഷ് രജിസ്റ്റര്‍ ബുക്ക് തെളിവായി വിജിലന്‍സിനു കൈമാറണമെന്ന ബിജു രമേശിന്റെ ആവശ്യവും ബാര്‍ ഉടമകള്‍ അംഗീകരിക്കും. നുണപരിശോധനയ്ക്കും തയ്യാറായേക്കും. ബാര്‍ കോഴയില്‍ കെ എം മാണിയുടെ ശബ്ദരേഖ തെളിവായി സമര്‍പ്പിക്കുമെന്ന ബാര്‍ ഉടമകളുടെ വാദവും കേസ് അന്വേഷണത്തില്‍ നിര്‍ണായകമാവും. ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ കോടതിയുത്തരവ് പ്രകാരം വിജിലന്‍സ് ത്വരിതപരിശോധന നടത്താനിരിക്കെയാണ് ബാര്‍ ഉടമകള്‍ നിലപാട് കടുപ്പിക്കുന്നത്.
Next Story

RELATED STORIES

Share it