Literature

ബാര്‍ കോഴ: സഭയില്‍ ചോദ്യോത്തരവേള വൈകി; പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനവും ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളം. മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തില്‍ ആദ്യദിനവും സഭ സ്തംഭിച്ചിരുന്നു. ഇന്നലെ രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബാബുവിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യവും പ്ലക്കാര്‍ഡുമായി ഏഴുന്നേറ്റു. ചോദ്യോത്തരവേള നടത്താന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം പിന്മാറിയില്ല.
എന്തുണ്ടെങ്കിലും ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കിയതോടെ ബഹളം അവസാനിപ്പിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സീറ്റുകളിലേക്കു മടങ്ങി. എന്നാല്‍, ഈ സമയം ഭരണപക്ഷ ബെഞ്ചില്‍ നിന്ന് 'ഇതൊക്കെ നാടകമല്ലേ' എന്ന കമന്റ് ഉയര്‍ന്നതോടെ പ്രതിപക്ഷം വീണ്ടും ബഹളം ആരംഭിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതോടെ സഭ നിര്‍ത്തിവയ്ക്കുമെന്നു സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഭരണപക്ഷ അംഗങ്ങളുടെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, സഭാരേഖയില്‍ ഇല്ലാത്ത പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ചെയറിനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷ ബഹളം ശക്തമായി. പരാമര്‍ശങ്ങള്‍ക്കു മറുപടി പറയാന്‍ ചെയറിനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ബഹളം കൂടുതല്‍ ശക്തമായതോടെ എല്ലാവരോടും ശാന്തരായിരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. ഭരണപക്ഷത്തു നിന്ന് ഇത്തരത്തില്‍ കമന്റുകള്‍ ഉയര്‍ന്നത് ശരിയായില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സീറ്റുകളിലേക്കു മടങ്ങി.
ബഹളത്തെ തുടര്‍ന്ന് 15 മിനിറ്റോളം വൈകിയാണ് ചോദ്യോത്തരവേള ആരംഭിച്ചത്. ബാര്‍ കോഴ വിഷയത്തില്‍ ശൂന്യവേളയും പ്രതിപക്ഷ ബഹളത്തില്‍ അല്‍പനേരം തടസ്സപ്പെട്ടു. ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ച സബ്മിഷനാണ് ബഹളത്തില്‍ കലാശിച്ചത്. കെ ബാബുവിന് 10 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ബാര്‍ ഉടമ ബിജു രമേശിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂന്നു കത്തുകള്‍ നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്ന് വി എസ് ആരോപിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഡയറക്ടര്‍ എഫ്‌ഐആര്‍ എടുക്കാന്‍ തയ്യാറാവാതിരുന്നതെന്നും വി എസ് കുറ്റപ്പെടുത്തി.
മന്ത്രി കെ ബാബുവിനെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് എല്ലാ വശവും അന്വേഷിച്ച ശേഷമാണ് കേസെടുക്കാന്‍ തെളിവില്ലെന്ന നിലപാടില്‍ വിജിലന്‍സ് എത്തിച്ചേര്‍ന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം വിജയിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. 11 രേഖകളും സാക്ഷിമൊഴികളുമാണ് കെ ബാബുവിനെതിരേയുള്ളതെന്നും ബിജു രമേശിന്റെ ആരോപണം തെറ്റാണെന്നു ബോധ്യപ്പെടുത്തുന്ന ഏതെങ്കിലുമൊരു രേഖയുണ്ടെന്നു തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു. കാഷ്ബുക്കില്‍ രേഖപ്പെടുത്തിയ 27 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇതിനൊന്നും വ്യക്തമായ വിശദീകരണം നല്‍കാന്‍ കൂട്ടാക്കാതെ, എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറഞ്ഞതാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഈ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം നടുത്തളത്തിലെത്തി പ്രതിഷേധിച്ചു. സ്പീക്കറുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് അംഗങ്ങള്‍ പിന്‍വാങ്ങിയെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it