ബാര്‍ കോഴ: വ്യക്തമായ തെളിവുകളില്ല;  മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ തുടരന്വേഷണ റിപോര്‍ട്ട്. വിജിലന്‍സ് എസ്പി ആര്‍ സുകേശനാണ് വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകളില്ലെന്നും തുടര്‍നടപടികള്‍ റദ്ദാക്കണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടു. മാണിക്കെതിരേ വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
മൊഴികളും ഫോണ്‍രേഖകളും തമ്മില്‍ യോജിക്കുന്നില്ലെന്നും ബിജു രമേശ് നല്‍കിയ സിഡി പല തവണ എഡിറ്റ് ചെയ്തതാണെന്നും അതു പരിശോധിക്കേണ്ടതില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും സുകേശന്‍ സമര്‍പ്പിച്ച പുതിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോള്‍ മാറ്റിവയ്ക്കാന്‍ മന്ത്രി കെ എം മാണി നിര്‍ദേശിച്ചത് നിയമവകുപ്പ് നിര്‍ബന്ധമായും കാണേണ്ട ഫയലായതിനാലാണ്.
പാലായിലെ വീട്ടില്‍ പണം കൊണ്ടുവന്നതിനു തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയത്. പക്ഷേ, പണം സ്വരൂപിച്ച് എത്തിയെന്നു മൊഴി കൊടുത്ത ബാര്‍ ഉടമ സജി ഡൊമിനിക് പാലായില്‍ പണം എത്തിച്ചുവെന്നു പറയുന്ന സമയത്ത് പൊന്‍കുന്നത്തായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ വഴിയുള്ള അന്വേഷണത്തില്‍ കണ്ടെത്തി. എങ്ങനെ പോയാലും പൊന്‍കുന്നത്തു നിന്ന് പാലായിലേക്ക് പറഞ്ഞ സമയത്ത് എത്തില്ല.
തിരുവനന്തപുരത്തെ മന്ത്രിയുടെ വീട്ടില്‍ പണം എത്തിച്ചുവെന്നു പറയുന്നതിന്റെ തലേദിവസം രാത്രി 8.30നു തിരുവനന്തപുരത്ത് പഴവങ്ങാടി ക്ഷേത്രത്തിനു സമീപത്തു വച്ച് ബാര്‍ ഉടമ രാജ്കുമാര്‍ ഉണ്ണിയും മറ്റൊരാളും 35 ലക്ഷം കൈമാറിയെന്ന പ്രധാന മൊഴികളും കളവാണെന്ന് വിജിലന്‍സ് പറയുന്നു.
Next Story

RELATED STORIES

Share it