Districts

ബാര്‍ കോഴ: വിജിലന്‍സ് റിവിഷന്‍ ഹരജി നല്‍കും; സര്‍ക്കാര്‍ അപ്പീലിനില്ല

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ഇതിനു സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് വിജിലന്‍സ് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബ് കത്തു നല്‍കി. ഡയറക്ടര്‍ക്കെതിരേ അടക്കമുള്ള മുഴുവന്‍ പരാമര്‍ശങ്ങളും നീക്കിക്കിട്ടാനാണ് അപ്പീല്‍ പോകാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കുന്നതിനായി കത്ത് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. കോടതിവിധി ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതും വകുപ്പിന്റെ ഘടനയെ തകര്‍ക്കുന്നതുമാണെന്നാണ് വിജിലന്‍സിന്റെ വാദം. മേലധികാരിയുടെ റിപോര്‍ട്ട് അംഗീകരിക്കാതെ ജൂനിയറായ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് ശരിവയ്ക്കുന്ന കോടതി തീരുമാനം വിജിലന്‍സിന്റെ ഭരണസംവിധാനത്തെ തകര്‍ക്കുമെന്നു വിജിലന്‍സ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി അപ്പീല്‍ പോകുന്നതിനുള്ള അനുമതി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിജിലന്‍സ് ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുന്നത് അനുചിതമാവുമെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് അപ്പീല്‍ പോകാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറിയത്. നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് സ്വന്തം നിലയില്‍ അപ്പീല്‍ പോകേണ്ടെന്ന് കെ എം മാണിയും തീരുമാനിച്ചിരുന്നു. തുടരന്വേഷണത്തെ ചോദ്യം ചെയ്താല്‍ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിനും ലഭിച്ച നിയമോപദേശം. അഴിമതിക്കേസുകളോട് കോടതികള്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. തുടരന്വേഷണത്തെ എതിര്‍ത്താല്‍ ഹൈക്കോടതിയില്‍ നിന്നു വിമര്‍ശനത്തിനുള്ള സാധ്യതയുണ്ട്. അപ്പീല്‍ ഹൈക്കോടതി തള്ളുകയാണെങ്കില്‍ സര്‍ക്കാരിന് ഇരട്ടപ്രഹരമാവും. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തെ ചോദ്യംചെയ്തു കോടതിയില്‍ പോകേണ്ടതില്ലെന്ന് സര്‍ക്കാരും കേരളാ കോണ്‍ഗ്രസും തീരുമാനിച്ചത്. മന്ത്രി കെ എം മാണി കോഴ വാങ്ങിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഉത്തരവില്‍ പറയുന്നത് കോടതിയുടെ അധികാരപരിധിക്കു പുറത്തുള്ള നിരീക്ഷണമായതിനാല്‍ ഇക്കാര്യങ്ങള്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചാല്‍ സ്വീകാര്യത കിട്ടുമെന്നാണ് ഉന്നത നിയമവിദഗ്ധര്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ ധരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വകുപ്പിനോട് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it