Flash News

ബാര്‍ കോഴ : വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം



തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ബാര്‍കോഴ കേസിന്റെ സിഡി അടക്കമുള്ള സുപ്രധാന രേഖകളുടെ ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട് 30 ദിവസത്തിനകം ഹാജരാക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട് അഹ്മദാബാദില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന വാദമായിരുന്നു വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ഇന്നലെയും ആവര്‍ത്തിച്ചത്.  ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എ ബദറുദീന്‍ വിജിലന്‍സിന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇന്നലെയായിരുന്നു അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതെങ്കിലും ഇടക്കാല റിപോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. ബാര്‍കോഴ കേസിന്റെ അന്തിമ അന്വേഷണ റിപോര്‍ട്ട് മെയ് രണ്ടിന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് നേരത്തേ ഉറപ്പ് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ നജ്മല്‍ ഹസന്‍ നീണ്ട അവധിയിലായതിനാല്‍ അന്വേഷണം തടസ്സപ്പെട്ടിരുന്നതായി നേരത്തേ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ ബാറുടമകളില്‍ നിന്നും വാങ്ങിയെന്ന് ബാറുടമയായ ബിജു രമേശാണ് ആരോപിച്ചത്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, വി എസ് സുനില്‍കുമാര്‍ എന്നിവരാണ് ഹരജി നല്‍കിയത്. കേസ് അന്വേഷിച്ച് എസ്പി ആര്‍ സുകേശന്‍ മാണിയെ കുറ്റവിമുക്തനാക്കി റിപോര്‍ട്ട് നല്‍കിരുന്നെങ്കിലും എല്‍ഡിഎഫ്. ഭരണത്തില്‍ വന്നപ്പോള്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നു കാണിച്ച് സുകേശന്‍ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. സുകേശന്‍ അന്വേഷണോദ്യോഗസ്ഥ പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് നജ്മല്‍ഹസനെ അന്വേഷണച്ചുമതല ഏല്‍പിച്ചത്.
Next Story

RELATED STORIES

Share it