Districts

ബാര്‍ കോഴ: മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് വിഎസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിന് മേല്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
ബാര്‍കോഴ കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുങ്ങും. ഹൈക്കോടതിയുടെയും വിജിലന്‍സ് കോടതിയുടെയും വിധിയെ തുടര്‍ന്ന് നാണംകെട്ട കെ എം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. രാജിയ്ക്കു മുമ്പ് നടന്ന രാഷ്ട്രീയ പൊറാട്ടു നാടകങ്ങള്‍ കേരളജനത കണ്ടതാണ്. മാണി രാജിവച്ചതിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധേയമാണ്. മാണി ഒരു തെറ്റും ചെയ്തിട്ടില്ല, മാണിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല, കോണ്‍ഗ്രസ് ഹൈക്കമാന്റ് രാജി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണ്. ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ നാണംകെട്ട ഒരാള്‍ക്ക് മാത്രമേ സാധിക്കൂവെന്ന് വിഎസ് പറഞ്ഞു.
മാണിയോടൊപ്പം കൈക്കൂലി വാങ്ങിയ മന്ത്രിയാണ് എക്‌സൈസ് മന്ത്രി ബാബു. ബാബു വാങ്ങിയതാകട്ടെ പത്തുകോടിയാണ്. അതില്‍ അമ്പത് ലക്ഷം രൂപ മന്ത്രിയുടെ ഓഫിസില്‍ ബിജു രമേശ് നേരിട്ട് കൊണ്ടുകൊടുത്തുവെന്ന് മജിസ്‌ട്രേട്ട് കോടതിയില്‍ ബിജു രമേശ് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് വിന്‍സന്‍ എം പോളിന് താന്‍ കത്ത് നല്‍കിയിരുന്നു.
എന്നാല്‍ വിന്‍സന്‍ എം പോള്‍ ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയില്ല. എന്റെ കത്തിനു മറുപടിയായി ഡയറക്ടറുടെ ഓഫിസിലെ പോലിസ് സൂപ്രണ്ട് ഈ കേസില്‍ ശരിയായ തെളിവുകള്‍ ഇല്ലാത്തതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കുകയില്ലെന്ന് തനിക്ക് മറുപടി നല്‍കുകയാണ് ഉണ്ടായതെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it