ബാര്‍ കോഴ; ബെഞ്ച് മാറ്റത്തില്‍ അസ്വാഭാവികതയെന്ന് നിയമവൃത്തങ്ങള്‍

ഷബ്‌ന സിയാദ്

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിവ്യൂ ഹരജിയിലെ ബെഞ്ച് മാറ്റത്തില്‍ അസ്വാഭാവികതയെന്ന് നിയമവൃത്തങ്ങള്‍. സാധാരണഗതിയില്‍ കേസിലെ കക്ഷിയുമായി ജഡ്ജിമാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെങ്കിലോ അഭിഭാഷകര്‍ ബന്ധുക്കളാവുകയോ ചെയ്താല്‍ സ്വമേധയാ ജഡ്ജിമാര്‍ കേസ് ഒഴിയാറുണ്ട്. എന്നാല്‍, ബാര്‍ കോഴക്കേസില്‍ ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചില്‍ നിന്നു കേസ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ബെഞ്ചിലെത്തിയതില്‍ അസ്വഭാവികതയുണ്ടെന്നാണ് ആക്ഷേപം.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ബാര്‍ കോഴ സംബന്ധിച്ച കേസില്‍ കക്ഷിയായിരുന്ന ബാറുടമയും കേരളാ കോണ്‍ഗ്രസ് നേതാവും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യു നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹരജിയാണ് ഇത്തരത്തില്‍ ബെഞ്ച് മാറ്റത്തിനു വിധേയമായത്.
ക്രിമിനല്‍ ആര്‍പി കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ ബെഞ്ച് ഹരജി ആദ്യം പരിഗണിക്കുകയും കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്നു നിരീക്ഷണം നടത്തുകയും ചെയ്തു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടതോടെ ഈ ബെഞ്ചില്‍ നിന്നു ഹരജി പിന്‍വലിക്കല്‍ പ്രയാസകരമായി.
ഹരജി ഡിസംബര്‍ രണ്ടിനു പരിഗണിക്കാന്‍ ജസ്റ്റിസ് സുധീന്ദ്രകുമാര്‍ മാറ്റിയിരിക്കെയാണ് ജസ്റ്റിസ് ആവശ്യപ്പെടാതെ തന്നെ ഈ ബെഞ്ചില്‍ നിന്നും ഹരജി രജിസ്ട്രി എടുത്തുമാറ്റിയത്. ഒരു ബെഞ്ചിന്റെ പരിഗണനയിലുള്ള കേസ് മാറണമെങ്കില്‍ ജഡ്ജി സ്വമേധയാ അതില്‍നിന്ന് ഒഴിവാകുകയോ പരിഗണനാ വിഷയങ്ങള്‍ മാറുകയോ വേണമെന്നിരിക്കെയാണ് കാരണങ്ങളൊന്നുമില്ലാതെ തന്നെ കേസ് മറ്റൊരു ബെഞ്ച് മുമ്പാകെ എത്തിയത്. എന്നാല്‍, ഏതു സ്വഭാവത്തിലുള്ള ഹരജിയാണെങ്കിലും അത് ഏതു ജഡ്ജി പരിഗണിക്കണമെന്നു തീരുമാനിക്കാനും ആ ബെഞ്ചിന്റെ പരിഗണനയ്ക്കയക്കാനും ചീഫ് ജസ്റ്റിസിന് വിവേചനാധികാരമുണ്ട്.
ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പരിഗണിക്കുന്ന ഹരജി മറ്റൊരു ബെഞ്ച് മുമ്പാകെ എത്തിച്ചത് ഈ വിവേചനാധികാരം ഉപയോഗിച്ചാണ്. ഒ പി ക്രിമിനല്‍ ഹരജികള്‍ ജസ്റ്റിസ് കെമാല്‍പാഷയാണ് കേള്‍ക്കുന്നത്. അതിനാലാണ് മാണിക്കെതിരായ വിജിലന്‍സ് കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഒ പി ക്രിമിനല്‍ ഹരജി ഈ ബെഞ്ച് മുമ്പാകെ വന്നത്.
Next Story

RELATED STORIES

Share it