ബാര്‍ കോഴ; ബാബുവിന്റെ ഹരജിയില്‍ സ്‌റ്റേയില്ല

കൊച്ചി: ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി ബാബു നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും വാദം പൂര്‍ത്തിയാവുന്നതുവരെ സ്‌റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട് ബാബു നല്‍കിയ ഹരജി ജസ്റ്റിസ് പി ഉബൈദ് പരിഗണിച്ചു. എന്നാല്‍ സ്‌റ്റേ അനുവദിക്കാതെ വാദം കേട്ട് വിധിപറയാനായി ഇന്നത്തേക്ക് മാറ്റി.
സര്‍ക്കാരും വിജിലന്‍സ് ഡയറക്ടറുമുള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവായി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ജനുവരി 25ന് ഇടക്കാല വിധി വരാനിരിക്കെ 23ന് വിജിലന്‍സ് കോടതി ഇത്തരമൊരു ഉത്തരവിട്ടതു ശരിയായ നടപടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണു ബാബു ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി നിലനില്‍ക്കുന്നതാണെന്നു വ്യക്തമാവുന്ന യാതൊരു തെളിവുകളുമില്ലാതെയാണു കോടതി ദ്രുതാന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്നാണു സമയം നീട്ടിച്ചോദിച്ചപ്പോള്‍ അനുവദിക്കാതിരുന്ന വിജിലന്‍സ് കോടതി അനാവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അഡ്വ. എസ് ശ്രീകുമാര്‍ മുഖേന നല്‍കിയ ഹരജിയില്‍ പറയുന്നു.
വാദത്തിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണനയിലുണ്ടോയെന്നു കോടതി ആരാഞ്ഞു. കഴിഞ്ഞദിവസം വിജിലന്‍സ് കോടതി ഉത്തരവിനെതിരേ വിജിലന്‍സ് നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച് തീര്‍പ്പാക്കിയിരുന്നു.
വിജിലന്‍സ് കോടതി ഉത്തരവിലൂടെ കോട്ടമുണ്ടായ കക്ഷിക്ക് ഉചിതമായ കോടതിയെ സമീപിക്കാമെന്ന പരാമര്‍ശത്തോടെയുള്ള ഡിവിഷന്‍ബെഞ്ച് ഉത്തരവ് വായിച്ച് അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ കേസ് പഠിക്കാന്‍ സമയം വേണമെന്നറിയിച്ച കോടതി കേസ് വ്യാഴാഴ്ച പരിഗണിക്കാമെന്നു ഹരജിക്കാരനെയും സര്‍ക്കാരിനെയും അറിയിച്ചു. തുടര്‍ന്ന് ഹരജിക്കാരനും സര്‍ക്കാരും ഈ ആവശ്യം അംഗീകരിച്ചു.
മന്ത്രി ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണത്തെത്തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. കേസെടുക്കാന്‍ കാര്യമായ തെളിവുകളില്ലാത്തതിനാലാണ് ഇക്കാര്യത്തില്‍ തുടരന്വേഷണ ഉത്തരവിടാതിരുന്നത്. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ യോഗത്തില്‍ നടന്ന സംഭാഷണങ്ങളുടെ ശബ്ദരേഖ മാത്രമാണു തെളിവായുള്ളത്. ഇതിനപ്പുറം മറ്റ് തെളിവുകളില്ല. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഹരജികള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും ലോകായുക്തയ്ക്കു മുന്നിലും പരിഗണനയിലാണ്.
Next Story

RELATED STORIES

Share it