Districts

ബാര്‍ കോഴ: പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; മാണിക്കെതിരേ തുടരന്വേഷണം

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മാണിക്കെതിരേയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. ഡയറക്ടറുടെ നടപടികള്‍ തെറ്റാണെന്നും ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും 65 പേജുള്ള വിധിന്യായത്തില്‍ കോടതി ആവശ്യപ്പെട്ടു.
ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനു ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള വിജിലന്‍സിന്റെ റിപോര്‍ട്ട് തള്ളിയാണ് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്റേതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളൊന്നും അന്തിമ റിപോര്‍ട്ടില്‍ ഇല്ലെന്ന് കോടതി വിമര്‍ശിച്ചു. വിജിലന്‍സ് ഡയറക്ടറുടെ അഭിപ്രായം മാത്രമാണ് റിപോര്‍ട്ടില്‍ ഇടം നേടിയിട്ടുള്ളത്.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ ഒരു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തി അറിയിച്ച കോടതി, സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു. ക്രിമിനല്‍ നടപടിക്രമം ചട്ടം 173(8) പ്രകാരം അന്വേഷിക്കാനാണ് നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന്റെ റിപോര്‍ട്ട് ശരിവച്ചാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.
ബാര്‍ ഉടമകളും കെ എം മാണിയും തമ്മില്‍ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നു നിര്‍ദേശിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനു സമ്മര്‍ദ്ദമുണ്ടായെന്ന നിഗമനത്തിലുമെത്തി. പണം നല്‍കുന്നത് കണ്ടുവെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി തെളിവായി കോടതി പരിഗണിച്ചു. അഡ്വക്കറ്റ് ജനറലിനെ മറികടന്ന് നാഗേശ്വര റാവു ഉള്‍പ്പെടെ പുറത്തുള്ള അഭിഭാഷകരില്‍ നിന്നു വിജിലന്‍സ് സംഘം നിയമോപദേശം തേടിയതിനെയും കോടതി വിമര്‍ശിച്ചു. അന്വേഷണ ഏജന്‍സി കോടതിയുടെ തലത്തിലേക്ക് പോവേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു.
ആര്‍ സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര റിപോര്‍ട്ടില്‍ കെ എം മാണിക്കെതിരേ അഴിമതിക്ക് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടില്‍ മാണിക്കെതിരേ മതിയായ തെളിവില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. ഇത് ചോദ്യം ചെയ്തുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റേതടക്കം ഒമ്പതു ഹരജികള്‍ കോടതി പരിഗണിച്ചു.
Next Story

RELATED STORIES

Share it