ബാര്‍ കോഴ; കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു: പിണറായി

പയ്യന്നൂര്‍: വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാഴ്ത്തി ബാര്‍ കോഴക്കേസ് അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്റെ ഭാഗമായി പയ്യന്നൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണ റിപോര്‍ട്ടിന് ഉപയോഗിച്ച വസ്തുതാന്വേഷണ റിപോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി മൂടിവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. കേസില്‍ വിജിലന്‍സ് മലക്കംമറിഞ്ഞിരിക്കുകയാണ്. കേസ് അട്ടിമറിക്കുന്നതിനെതിരായ കോടതിയുടെ നിലപാടാണു പുറത്തുവന്നിരിക്കുന്നത്. മാണിയെ കൊണ്ട് അടുത്ത ബജറ്റ് അവതരിപ്പിക്കാമെന്ന സ്വപ്‌നമാണ് കോടതി ഇടപെടലിലൂടെ പൊലിഞ്ഞത്. താല്‍പര്യമുള്ളവരില്‍ നിന്നു മാത്രം മൊഴിയെടുക്കുകയാണ് വിജിലന്‍സ് ചെയ്തത്. കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. മാണിയെ രക്ഷിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കെതിരേ സിബിഐ എടുക്കുന്ന കേസുകള്‍ ആര്‍എസ്എസിന്റെ താല്‍പര്യപ്രകാരം ഉള്ളതാണ്. അതിന്റെ തെളിവാണ് മോഹന്‍ ഭാഗവത് കണ്ണൂരില്‍ നടത്തിയ പ്രസ്താവന. സിപിഎം നേതാക്കളെ കേസുകളില്‍പ്പെടുത്തുമെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. ഭീകരര്‍ക്കെതിരേ പോരാടി വീരമൃത്യു വരിച്ച ധീരജവാന്‍ നിരഞ്ജന്റെ വീട്ടില്‍ ഒരു കേന്ദ്രമന്ത്രിയും പോയിട്ടില്ല. എന്നാല്‍, കണ്ണൂരിലെ ആര്‍എസ്എസുകാരുടെ വീട്ടില്‍ പോയത് ഇതിന്റെ തെളിവാണെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it