ബാര്‍ കോഴ കേസില്‍ നിയമോപദേശം: ഹരജിയില്‍ വിശദീകരണം തേടി

കൊച്ചി: മന്ത്രി മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സുപ്രിംകോടതിയിലെ അഭിഭാഷകരില്‍ നിന്നു നിയമോപദേശം തേടിയതിന്റെ പ്രതിഫലം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കരുതെന്നാവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.

നിയമപ്രശ്‌നം ഇല്ലാതിരിക്കെ പുറത്തുനിന്ന് സ്വകാര്യ നിയമോപദേശം തേടിയ നടപടി അനധികൃതമാണെന്നും ഇതിനു ചെലവായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നുമാവശ്യപ്പെട്ട് ഫിയറ്റ് ജസ്റ്റീഷ്യ എന്ന സംഘടന നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംസ്ഥാനത്ത് ഉണ്ടായിരിക്കെ രണ്ടു പേരെയും മറികടന്ന് സ്വകാര്യ നിയമോപദേശം നേടിയ നടപടിക്ക് ഏഴു ലക്ഷം രൂപയാണു ചെലവ്. നടപടിയില്‍ അസ്വാഭാവികതയുള്ളതിനാല്‍ നിയമോപദേശത്തിന് പണം നല്‍കുന്നത് നിയമ സെക്രട്ടറി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൊതുപണം ദുര്‍വിനിയോഗം ചെയ്യാന്‍ അനുവദിക്കാനാവില്ല. ഹൈക്കോടതിയിലെ കേസില്‍ വാദം നടത്താന്‍ സുപ്രിംകോടതി അഭിഭാഷകനെ കൊണ്ടുവന്നതിനും ഇതുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നു പണം ഈടാക്കണമെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it